ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപണം… ഒമർ ലുലുവിന്റെ നല്ല സമയത്തിന് ഇപ്പോൾ മോശം സമയം..
ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമ തിയേറ്ററിൽനിന്ന് പിൻവലിച്ചു. ഒമർ ലുലു തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയ്ക്കെതിരെ എക്സൈസ് വകുപ്പ് കേസെടുത്തിരുന്നു. സംവിധായകൻ, നിർമാതാവ് എന്നിവർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ട്രെയിലറിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടുത്തിയതാണ് കേസിനാധാരം. എക്സൈസ് കോഴിക്കോട് റേഞ്ചാണ് അബ്കാരി, NDPS നിയമങ്ങൾ പ്രകാരം കേസ് എടുത്തത്. സിനിമയുടെ റിലീസിന് ശേഷം അതിലെ ഒരു നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമർശങ്ങൾ നടത്തിയതും വിവാദമായിരുന്നു.വെള്ളിയാഴ്ചയാണ് ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിൽ കഥാപാത്രങ്ങൾ മാരക ലഹരിവസ്തുവായ എം.ഡി.എം.എ ഉപയോഗിക്കുന്നരംഗമാണ് മുഴുനീളം. ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.
ഇർഷാദാണ് ചിത്രത്തിൽ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയത്. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ആണ് ചിത്രത്തിന്റെ നിർമാണം.
ഇപ്പോഴിതാ ചിത്രത്തിനെതിരെ വന്ന എക്സൈസ് നടപടിക്ക് രൂക്ഷ വിമർശനവും ആയിട്ടാണ് ഒമർ ലുലു രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം വാർത്തകൾ വരുന്നത് ഞാനും കണ്ടു എന്നാൽ ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിരുന്നില്ല എംഡി എം എ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അറിയുവാൻ സാധിച്ചത്. സമൂഹത്തിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളെയാണ് ഞാൻ സിനിമയിൽ കാണിച്ചിരിക്കുന്നത് അല്ലാതെ ഒരിക്കലും ഇതൊരു പ്രോത്സാഹനമല്ല. ഇത് ഞങ്ങളുടെ സിനിമയിൽ എല്ലാം ആദ്യം പറയുന്നത് ഇതിനു മുന്നേ വന്ന ഒത്തിരി സിനിമകളിൽ പറഞ്ഞുപോയ കാര്യമാണ്. ഈ വർഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മയിൽ ഇത്തരം രംഗങ്ങൾ ഉണ്ടല്ലോ.
അതുപോലെതന്നെ ലൂസിഫറിലും ഉണ്ട് എന്തുകൊണ്ടാണ് അതൊന്നും കേസ് വരാത്തത്. ഇടുക്കി ഗോൾഡ് ഹണീബി എന്ന പേരിന്റെ സിനിമകൾ ഏർക്കുമ്പോൾ ഇതിനൊന്നും പ്രശ്നമില്ല ഞാൻ അല്ലെങ്കിൽ എന്റെ സഹപ്രവർത്തകർ ഇങ്ങനത്തെ സിനിമകൾ ഇറക്കുമ്പോൾ എന്തുകൊണ്ടാണ് ഞങ്ങൾക്കു മാത്രം ഇത്തരത്തിൽ പ്രതികാരം വരുന്നത്. എന്ന് ഒമർ ലുലു തുറന്നു അടിച്ചു ചോദിച്ചു.