അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു..

അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു..

 

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചു. ഡയറക്ടർ ശങ്കർമോഹന്റെ രാജിവെച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരിന്റെ രാജി പ്രഖ്യാപനം. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുള്ള വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തിയറിയിച്ചാണ് അടൂരിന്റെ രാജി.

ജാതി അധിക്ഷേപം അടക്കം ഉയർത്തി ഡയറക്ടർ ശങ്കർ മോഹനെതിരെ നടത്തിയ വിദ്യാർത്ഥി സമരത്തിൽ അടൂരിനെതിരെയും പരാതി ഉയർന്നിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിക്കുന്ന നിലപാടാണ് ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ സ്വീകരിക്കുന്നതെന്നായിരുന്നു പ്രധാന ആക്ഷേപം. അടൂരുമായി സഹകരിക്കില്ലെന്നും വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. വിദ്യാർ്തഥി സമരത്തിന് പിന്നാലെ സിനിമാമേഖലയിൽ നിന്നും അടൂരിനെതിരെ വിമർശനമുയർന്നിരുന്നു. അനുനയിപ്പിക്കാൻ സർക്കാർ ശ്രമം ഉണ്ടായെങ്കിലും അടൂർ വഴങ്ങിയില്ല.

ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതി അധിക്ഷേപം നടത്തിയെന്നതടക്കം ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ചാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ ഒരു മാസത്തിലേറെ സമരം നടത്തിയത്. സമരം ശക്തമായതോടെ സർക്കാർ അന്വേഷണ കമ്മീഷനെ നിയമിച്ചു. ഡയറക്ടര്‍ക്കെതിരെ വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതി അന്വേഷിച്ച സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാര്‍ഥികളും ജീവനക്കാരും ഉന്നയിച്ച പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍  എന്നിവരുടെ രണ്ടംഗ സമിതി സര്‍ക്കാരിന് നൽകിയത്. ഇതിന് പിന്നാലെ ഡയറക്ടർ ശങ്കർമോഹൻ രാജിവെച്ചു. പിന്നാലെ ചില അധ്യാപകരും രാജിവെച്ചൊഴിഞ്ഞു. ശങ്കർ മോഹന് പിന്തുണ പ്രഖ്യാപിച്ച് ഡീൻ ചന്ദ്രമോഹൻ, സിനിമോട്ടോഗ്രാഫി അധ്യാപിക ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാർ, അസിസ്റ്റന്റ് പ്രൊഫസർ ഡയറക്ഷൻ ബാബാനി പ്രമോദി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിഭാഗത്തിലെ സന്തോഷ്‌, അഡ്മിനിസ്ട്രേഷൻ ഓഫീസർ അനിൽ കുമാർ എന്നിവരാണ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ചെയർമാൻ സ്ഥാനത്ത് നിന്നും അടൂരും സ്ഥാനമൊഴിഞ്ഞത്.

ഏത് അർത്ഥത്തിൽ നോക്കിയാലും മെച്ചമുണ്ടാക്കാൻ പോകുന്നത് അടൂർ ഗോപാലകൃഷ്ണൻ തന്നെയായിരിക്കും. ദേശീയ തലത്തിൽ അറിയപ്പെടുന്ന സംവിധായകൻ എന്ന നിലയിൽ നിന്ന് ‘ഇന്ത്യൻ’ ഭരണവ്യവസ്ഥയ്ക്ക് അനുയോജ്യനായ ‘കലാകാരൻ’ ആണ് താനെന്ന് തെളിയിക്കുകയാണ് അടൂർ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിഷയത്തിലൂടെ ചെയ്തത്.

അതുകൊണ്ട്, കേന്ദ്ര സർക്കാരിലോ സംസ്ഥാന സർക്കാരിലോ ഏത് ഉന്നതമായ പദവിയാണ് അടൂർ ഗോപാലകൃഷ്ണനെ കാത്തിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം.

Leave a Comment

Your email address will not be published. Required fields are marked *