ഷാജി കൈലാസ് എന്ന സംവിധായകനെ കുറിച്ച് അപർണ മനസ്സു തുറക്കുന്നു……
വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് അപർണ ബാലമുരളി.
നടി മാത്രമല്ല ഗായിക, നർത്തകി എന്നിങ്ങനെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കലാകാരിയാണ് അപർണ ബാലമുരളി.
ദിലീഷ് പോത്തൻ ഒരുക്കിയ മഹേഷിന്‍റെ പ്രതികാരം എന്ന സിനിമയിലെ നായികവേഷത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അപർണ ബാലമുരളി. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ട അപർണ ബാലമുരളി, സുരറൈ പോട്ര് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരവും സ്വന്തമാക്കി.
ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കാപ്പയാണ് അപർണയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജിന്റെ നായികയായി പ്രമീള എന്ന കഥാപാത്രത്തെയാണ് അപർണ കാപ്പയിൽ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ താരം ഷാജി കൈലാസ് എന്ന സംവിധായകനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായത് തന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ് എന്നും. കാപ്പ ഷാജി കൈലാസിന്റെ പുതിയൊരു സ്റ്റൈൽ ഓഫ് മേക്കിങ് ആണെന്നും അപർണ ബാലമുരളി പറയുന്നു. ഷാജി സാറിന്റെ സിനിമകൾ കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. ഇപ്പോഴും യുട്യൂബിൽ ഷാജി സാറിന്റെ സിനിമകൾ ടുത്തു കാണാറുണ്ട്. വളരെ നല്ല തിയറ്റർ അനുഭവം തന്നിട്ടുള്ള ഫിലിം മേക്കർ ആണ് ഷാജി സർ. അപർണ കൂട്ടിച്ചേർത്തു.
ഇത്രയധികം അനുഭവപരിചയമുള്ള താരങ്ങൾ അഭിനയിക്കുന്ന കാപ്പ പോലൊരു സിനിമയിൽ അഭിനയിച്ചത് ഒരു പഠനക്കളരി കൂടിയായിരുന്നു തനിക്കെന്നും ഒരുപാട് മഹത്തായ ചിത്രങ്ങൾ ചെയ്ത എക്സ്പീരിയൻസ് ഉള്ള ഷാജി സർ ഒരു പുതിയ സംവിധായകനെപോലെ നമ്മളോടൊപ്പം ഇടപെടുകയും ഒരു തലക്കനവുമില്ലാതെ പെരുമാറുകയും ചെയ്തത് വേറിട്ട അനുഭവമായിരുന്നുവെന്നും അപർണ വ്യക്തമാക്കി.
” അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് എന്റെ മുന്നിൽ വളരെ വലുതാണ്. ഞാൻ പേടിച്ചു പേടിച്ചാണ് അദ്ദേഹത്തിന്റെ സെറ്റിൽ ചെന്നത്. പക്ഷേ അദ്ദേഹം നമ്മളിൽ ഒരാളായി മാറി വളരെ സൗമ്യമായി എല്ലാം പറഞ്ഞു തന്നു. അതോടെ ടെൻഷൻ എല്ലാം മാറി. അതുപോലെ ഷാജി സാറും ജോമോൻ ചേട്ടനും തമ്മിലുള്ള കോംബോ എനിക്ക് ഒരുപാട് ഇഷ്ടമായി.” അപർണ അഭിമുഖത്തിൽ പറഞ്ഞു.
അതേ സമയം ജൂഡ് ആൻ്റണിയുടെ 2018,മിണ്ടിയും പറഞ്ഞും, പദ്മിനി തുടങ്ങിയ സിനിമകളാണ് ഇനി അപർണയുടെ പുറത്തിറങ്ങാനുള്ളത് .നടൻ അശോക് സെൽവന്റെ ‘നിതം ഒരു വാനം’ എന്ന ചിത്രത്തിലും അപർണ അഭിനയിച്ചിരുന്നു.
കരിയറിലെ ഏറ്റവും ഉയർന്ന സമയത്തിലൂടെയാണ് നടി അപർണ ബാലമുരളി കടന്നു പോകുന്നത്.കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ‘ധൂമം’ ആണ് നടിയുടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്.