മയക്കു മരുന്നിനെതിരെയുള്ള കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് സംവിധായകൻ ഒമർ ലുലു.
‘സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, നമുക്ക് മയക്കുമരുന്ന് ഉപേക്ഷിക്കാം’ എന്നാണ് പോസ്റ്റിലെ വാചകം. ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിന്റെ സമാന രീതിയിലാണ് കേരള പൊലീസിന്റെ പോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത്.
ഒമർ ലുലു ചിത്രം ‘നല്ല സമയം’ തിയറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. നല്ല സമയം തിയറ്ററിൽ നിന്ന് പിൻവലിക്കുന്നു. ഇനി ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ച്’ എന്നായിരുന്നു ഈ വിഷയത്തിൽ സംവിധായകന്റെ പ്രതികരണം.സിനിമ പിൻവലിക്കാൻ പോകുകയാണ്. കോടതിയിൽ റിട്ട് ഫയൽ ചെയ്തിട്ടുണ്ട്. വിധി വന്ന ശേഷം ഇനി ബാക്കി കാര്യങ്ങൾ തീരുമാനിക്കും. ഇന്ന് സിനിമയുടെ പ്രദർശനം നേരത്തെ ചാർട്ട് ചെയ്തിട്ടുള്ളതുകൊണ്ട് അത് നടക്കും. ഇന്നു മുതൽ പ്രദർശനമില്ല. വിതരണക്കാരെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഇത് നഷ്ടമാണ്. പക്ഷേ അത് കാര്യമാക്കുന്നില്ല. നമ്മൾ കാരണം സമൂഹം വഴിതെറ്റുന്നു എന്നാണ് പറയുന്നത്. ഈ സിനിമയ്ക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ വിഷമിപ്പിക്കുന്നതാണ്.
യുവാക്കൾക്ക് സിനിമ ഇഷ്ടമാകുന്നുണ്ട്. സിനിമയെ സിനിമയായി കാണാത്തവർക്കാണ് പ്രശ്നം. സിനിമ ആവിഷ്കാര സ്വാതന്ത്ര്യമാണെന്നല്ലേ പറയുന്നത്. പീഡന രംഗമുള്ള സിനിമകൾ പീഡനത്തെ പ്രോൽസാഹിപ്പിക്കുന്നതാണോ..? തീർച്ചയായും ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഇത്തരം രംഗങ്ങളുള്ള മറ്റ് പല സിനിമകളും ഇവിടെ ആരാധകരുടെ പിന്തുണയോടെ പ്രദർശിപ്പിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലും ഉള്ള ആളല്ല ഞാൻ. പലരും നിലനിൽപ്പിന് വേണ്ടി രാഷ്ട്രീയം പറയുന്നു. ഞാൻ പാർട്ടി നോക്കാതെ എല്ലാം തുറന്ന് പറയുന്നു. എല്ലാവരെയും സുഖിപ്പിച്ച് നിൽക്കുന്നവർക്കേ നിലനിൽപ്പുള്ളൂ. ഇനി എന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെയും വിധി സമാനമായിരിക്കില്ലേ എന്ന് ആശങ്ക ഉണ്ട്. എന്ന് ഒമർ ലുലു പറയുന്നു.
നേരത്തെ മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ‘നല്ല സമയം’ സിനിമയ്ക്കെതിരെ കേസെടുത്തിരുന്നു. സംവിധായകന്‍, നിർമാതാവ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, NDPS നിയമപ്രകാരം എക്സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തിരിക്കുന്നത്.വെള്ളിയാഴ്ചയാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ തിയേറ്ററുകളിലെത്തിയത്. ഇര്‍ഷാദാണ് ചിത്രത്തില്‍ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാര്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.