മോട്ടിവേഷൻ കിട്ടിയാൽ ഇല്ലാതാകുന്നതാണോ ഡിപ്രഷൻ..??

മോട്ടിവേഷൻ കിട്ടിയാൽ ഇല്ലാതാകുന്നതാണോ ഡിപ്രഷൻ..??

 

കൊട്ട കണക്കിന് മോട്ടിവേഷൻ കൊടുത്താൽ തലയിൽ നിന്നും വളരെ നിസ്സാരമായി ഇറങ്ങിപ്പോകുന്നതല്ല ഡിപ്രഷൻ എന്ന് പറയുന്നത്. നമ്മുടെ സമൂഹത്തിൽ ഡിപ്രഷൻ എന്ന ഒരു അവസ്ഥ ഉണ്ട് എന്ന ബോധ്യം എല്ലാവർക്കും വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ കൂടെയും അങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരാളെ എങ്ങനെ സമീപിക്കണം എന്ന് കൂടുതൽ പേർക്കും അറിയില്ല..

 

ശരീരത്തിന് വരുന്നതുപോലെ മനസ്സിന് വരുന്ന ഒരു അസുഖമാണ് വിഷാദം. അതുകൊണ്ടുതന്നെ കൃത്യമായ കൗൺസിലിംഗും ചികിത്സയുമാണ് ഇതിനുള്ള ശാസ്ത്രീയ പ്രതിവിധി. പക്ഷേ പലരും ഇപ്പോഴും കരുതുന്നത് കുറെ മോട്ടിവേഷൻ കിട്ടിയാൽ ശരിയാകുന്ന ഒന്നാണ് ഇത് എന്നാണ്..

 

സാധാരണയായി ഒരാൾ വിഷാദം എന്ന അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ കുറ്റബോധവും എന്തിനും ഏതിനും താനാണ് കാരണമെന്ന ചിന്തയും കടന്നുവരുന്നത് പതിവാണ്. ചുറ്റുമുള്ള മനുഷ്യരുടെ സന്തോഷങ്ങൾ പോലും നമ്മളെ അത്രയും അസ്വസ്ഥമാക്കും. നമുക്ക് അവരെപ്പോലെ ഒന്നിനും കഴിയുന്നില്ലല്ലോ എന്ന ചിന്തയായിരിക്കും..

അങ്ങനെയിരിക്കുന്ന ഒരാളുടെ മുമ്പിൽ ചെന്ന് നിന്ന് നിനക്ക് കഴിയും, നീ വലിയ സംഭവമാണ്, അവർക്കൊക്കെ കഴിഞ്ഞു പിന്നെ നിനക്കെന്താ കഴിയാത്തത് എന്നിങ്ങനെയുള്ള പ്രസംഗം പലപ്പോഴും വിപരീത ഫലമാണ് ചെയ്യുക. അവരുടെ ചിന്തകളിൽ ഒന്നുകൂടെ സമ്മർദ്ദം ഏറുകയും അതുവഴി കൂടുതൽ പ്രശ്നം ആകാനും സാധ്യതകൾ ഉണ്ട്..

 

അവസ്ഥ മനസ്സിലാക്കി പെരുമാറുക എന്ന പക്വതയുള്ള സമീപനമാണ് ഇവിടെ ആവശ്യം. പോസിറ്റീവ് ആയിരിക്കാം എന്ന് പലരും പറയാറുണ്ടെങ്കിലും ഈ പോസിറ്റീവ് കൂടിയാലും പ്രശ്നമാണ്. ഇനിയെങ്കിലും മോട്ടിവേഷൻ പ്രസംഗത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്പം ചിന്തിക്കുക. അത് കേട്ടിരിക്കുക എന്നത് അത്ര സുഖകരമായ പരിപാടി അല്ല എന്ന്..

 

ആധുനിക മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മർദ്ദം അല്ലെങ്കിൽ ഡിപ്രഷൻ. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, ലൈംഗിക ജീവിതം എന്നിവയെല്ലാം വലിയ തോതിൽ ഇതിനെ ബാധിക്കുന്നുണ്ട്.

ഡിപ്രഷനിലായ ഒരു വ്യക്തി ചിലപ്പോൾ ആത്മഹത്യയുടെ വക്കുവരെ എത്തിയെന്നു വരാം.. അപ്പോൾ അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാതെ അവരോട് ദേഷ്യപ്പെടുന്നത് അവരെ കുറ്റപ്പെടുത്തുന്നത് അവരുടെ അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം.. ഈയൊരു അവസ്ഥയിൽ അവരുടെ പ്രശ്നത്തിന് പരിഹാരവുമായി ഓടിച്ചെല്ലുന്നതിനു പകരം അവരുടെ പ്രശ്നം മനസ്സിലാക്കാൻ, പൂർണമായും അവരെ കേൾക്കാൻ ഒരാൾ ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രാധാന്യം.

 

പറഞ്ഞു തീരുന്നതിനു മുമ്പ് അവരെ ജഡ്ജ് ചെയ്യുന്ന മനോഭാവത്തോടുകൂടി ഇരുന്നാൽ ഒരിക്കലും അവർക്ക് തങ്ങളുടെ പ്രശ്നം പറയാൻ സാധിച്ചുവെന്ന് വരില്ല. അവരെ അവരെന്ന പോലെ അവരുടെ പ്രശ്നം അതേപോലെ കേൾക്കുക എന്നതാണ് അവർ ആഗ്രഹിക്കുന്നതും..

 

നിങ്ങളുടെ മാനസികമായ സപ്പോർട്ട് തന്നെയാണ് ഇത്തരം പ്രശ്നത്തിൽ പെട്ടവരെ കൈപിടിച്ച് മുന്നോട്ടുകൊണ്ടുവരാൻ സഹായിക്കുന്നത്..

Leave a Comment

Your email address will not be published. Required fields are marked *