മലയാളികളെ വഞ്ചിതരാക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ.. അന്ന് മണി ചെയിൻ.. ഇന്ന് എം.എൽ.എം 

മലയാളികളെ വഞ്ചിതരാക്കുന്ന സാമ്പത്തിക തട്ടിപ്പുകൾ.. അന്ന് മണി ചെയിൻ.. ഇന്ന് എം.എൽ.എം

 

നിരന്തരം സാമ്പത്തിക തട്ടിപ്പുകളും അത്തരം കുരുക്കിൽ ചെന്ന് പെടുന്ന സാധാരണക്കാരുടെ കടക്കെണിയും ഒടുവിലത്തെ ആത്മഹത്യയും കേരള സമൂഹത്തിന് ഇന്ന് പുതുമയുള്ള വാർത്തയല്ല.. ഓൺലൈൻ റമ്മി, ഇൻസ്റ്റന്റ് ലോൺ ആപ്പ്, എംഎൽഎം, മണി ചെയിൻ അങ്ങനെ നിരവധി അനവധി പേരുകളിൽ സാമ്പത്തിക തട്ടിപ്പുകൾ കേരളത്തിൽ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. കെണിയിൽ പെടുന്നവർ ബഹുഭൂരിപക്ഷവും സാധാരണക്കാർ ആയതുകൊണ്ട് നിയമപരമായി നേരിടാനോ അവർക്ക് എതിരെ സംസാരിക്കാനോ ഉള്ള സാഹചര്യവും സാമ്പത്തികവും അവർക്കില്ല താനും. ഏതാണ്ട് ഒരു മൂന്നുവർഷം മുന്നേ നടന്ന ഒരു അനുഭവം പറയാം. എംഎൽഎം അഥവാ മൾട്ടിലെവൽ മാർക്കറ്റിംഗ് നിങ്ങൾക്കേവർക്കും സുപരിചിതമായ വാക്കായിരിക്കും. എടുത്താൽ പൊങ്ങാത്തത്ര കടലാസുകളും ബ്രോഷറും ഒരു വണ്ടി നിറയെ പ്രൊഡക്ട്സും ആയി ഒരു കൂട്ടം ആൾക്കാർ വീട്ടിലേക്ക് വരുന്നു. ചുറ്റുവട്ടത്തുള്ള ഒരു വിധം ആൾക്കാരെയൊക്കെ സംഘടിപ്പിച്ച അവർ ഒരു നെടുനീളൻ പ്രസംഗം ആരംഭിക്കുന്നു. ആദ്യത്തെ വാചകം തന്നെ, “ഒരു പണിയുമെടുക്കാതെ വെറുതെ വീട്ടിലിരുന്ന് ആഴ്ചയ്ക്ക് ഒരു അമ്പതിനായിരം നിങ്ങളുടെ അക്കൗണ്ടിൽ വന്നാൽ നിങ്ങൾ വേണ്ടാന്ന് പറയുമോ” എന്നായിരുന്നു.. കേട്ടപാതി രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ബാങ്കായ ബാങ്കിൽ നിറയെ ലോണുള്ള അവർക്കെല്ലാവർക്കും അത്യധികം ഉത്സാഹം ആയി. ആദ്യത്തെ ശ്രമം വീഴേണ്ടിടത്ത് വീണു എന്ന് മനസ്സിലാക്കിയ അവർ വീണ്ടും തുടർന്നു. ഒരു വിദേശയാത്ര. അതും ഫുൾ ഫ്രീ. ദാ ഇരിക്കുന്ന സർ കഴിഞ്ഞദിവസം സിംഗപ്പൂരിൽ നിന്ന് വന്നതേയുള്ളൂ..

തീർന്നില്ല.. രണ്ടുമാസം കഴിഞ്ഞു മെഴ്സിഡസ് ബെൻസ് ഈ മുറ്റത്ത് കാർപോർച്ചിൽ ഇട്ടാൽ എന്താ നിങ്ങൾക്ക് വിരോധമുണ്ടോ.. ഇല്ല എന്ന മറുപടിയല്ലാതെ മറ്റെന്തെങ്കിലും അവർക്ക് കിട്ടുമോ.. പക്ഷേ അതിനുവേണ്ടി ആദ്യം നിങ്ങൾ ഈ പ്രോഡക്റ്റ്സ് പർച്ചേസ് ചെയ്ത് മെമ്പർ ആവണം..ഒരു പ്രോഡക്റ്റിന്റെയും എംആർപി നോക്കിയാൽ 25000 ത്തിന് മുകളിൽ വരും. പക്ഷേ ഇത് മുഴുവനായും ഒന്നിച്ച് എടുക്കുകയാണെങ്കിൽ 9999 രൂപയ്ക്ക് നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. നിങ്ങൾ വിൽക്കുമ്പോൾ എംആർപിയിൽ വിക്കുകയും ചെയ്യാം.. അതിൽ നിന്ന് തന്നെ നിങ്ങൾക്ക് എക്സ്ട്രാ വരുമാനം ലഭിക്കുകയാണ്. ഉടനെ ഒരു ചേച്ചി എഴുന്നേറ്റ് 10000 രൂപ ഒറ്റയടിക്ക് എടുക്കാൻ ഉണ്ടാവില്ല മേടം..കൂലിപ്പണിയും തൊഴിലുറപ്പും മാത്രമേ വരുമാനമുള്ളൂ.. ഇങ്ങനെ പറയുന്നവരോട് എന്റെ ചേച്ചി..കുടുംബശ്രീയിൽ നിന്നൊക്കെ ഒരു പതിനായിരം രൂപ ലോൺ എടുക്ക്. വല്ല സ്വർണവും കയ്യിലുണ്ടെങ്കിൽ അത് പണയം വയ്ക്കു.. സ്കീമിൽ ചേർന്നതിന്റെ ആദ്യത്തെ ആഴ്ച കിട്ടുന്ന അമ്പതിനായിരത്തിൽ നിന്ന് പത്തു പോയാലും കയ്യിൽ ബാക്കി 40 ഇല്ലേ.. കക്കൂസ് കഴുകുന്ന ലോഷൻ മുതൽ പുരുഷന്മാരിലെ വന്ധ്യത നിമിഷനേരം കൊണ്ട് മാറ്റിയെടുക്കുന്ന ടോണിക്ക് വരെ അവർ നിൽക്കുന്നുണ്ട്..

ഇനിമുതൽ കേരളത്തിലെ ഐവിഎഫ് ക്ലിനിക്കുകൾ പൂട്ടി പോകാൻ വരെ സാധ്യതയുണ്ടെന്ന് ഇക്കൂട്ടർ പടച്ചുവിടുന്നുണ്ട് … ഇത്തരം സാമ്പത്തിക തട്ടിപ്പുകാർ എന്നും ഉന്നം വയ്ക്കുന്നത് അടിസ്ഥാന വർഗ്ഗത്തിലെ കടമെടുത്ത് പണിയെടുക്കുന്ന സാധാരണക്കാരെയാണ്. ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയുടെ ബെല്ലും ബ്രേക്കും ഇല്ലാത്ത ഇക്കൂട്ടരെ കൃത്യമായി പൂട്ടാൻ ഇവർക്കെന്നും സാധിക്കും. അതുകൊണ്ടാണ് കേരള നിയമസഭ നിരോധിച്ച മണി ചെയ്ൻ സാമ്പത്തിക തട്ടിപ്പിനെ ഒന്ന് രൂപം മാറ്റി അതിലേക്ക് കുറച്ചു പ്രോഡക്റ്റ്സ് കുത്തിക്കേറ്റി അതേ മാർക്കറ്റിംഗ് തന്നെ പ്രയോഗിച്ചിട്ടും ആരും ആരും ചോദ്യം ചെയ്യാത്തത്. മലയാളിയുടെ സാമ്പത്തിക സാക്ഷരത വട്ടപ്പൂജ്യം ആണെന്ന തിരിച്ചറിവ് ഇക്കൂട്ടർക്ക് നല്ല പോലെയുണ്ട്.. പട്ടിയെപ്പോലെ പണിയെടുത്ത് രാജാവിനെ പോലെ ജീവിക്കാൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ പട്ടിണികഥ പറഞ്ഞ് അവസാനം അദ്ദേഹം പഠിച്ച സ്കൂൾ വിലയ്ക്കെടുക്കാൻ സ്വന്തം ഹെലികോപ്റ്ററിൽ വന്നിറങ്ങിയ കഥ നിങ്ങളോട് പറയുമ്പോൾ ഓർക്കുക ക്രിസ്ത്യാനോ റൊണാൾഡോ കോടീശ്വരൻ ആയത് സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ കളി കാണാൻ വന്നവരെ ഇത്തരം മാർക്കറ്റിംഗിലേക്ക് കൈപിടിച്ച് കയറ്റിയിട്ടല്ല എന്ന്..

ആ കഥ കേട്ട് നാളെ നിങ്ങൾക്കും റൊണാൾഡോയെ പോലെ ഹെലികോപ്റ്ററിൽ വന്നിറങ്ങാൻ കഴിഞ്ഞാലോ എന്ന ചിന്ത നിങ്ങളിൽ അവർ അടിച്ചേൽപ്പിക്കുമ്പോൾ ചിന്തിക്കുക ഡെപ്പോസിറ്റ് ആയി നൽകേണ്ട തുക ലോണെടുത്ത് അവർക്ക് നൽകുമ്പോൾ റൊണാൾഡോ വന്ന് കടം വീട്ടില്ല എന്ന്. സാമ്പത്തിക തട്ടിപ്പുകളിൽ ചെന്ന് വീഴാതിരിക്കാൻ വ്യക്തമായ മുൻകരുതലുകൾ നിങ്ങൾ കൈക്കൊള്ളേണ്ടതുണ്ട്. അധ്വാനിച്ചുണ്ടാക്കുന്ന ഓരോ രൂപയ്ക്കും ഉള്ള മൂല്യം ഇത്തരക്കാരുടെ മോഹന വാഗ്ദാനത്തിനും മേൽ നൽകി ഇല്ലായ്മ ചെയ്യാതിരിക്കുക..

Leave a Comment

Your email address will not be published.