ഫുട്ബോൾ ഇതിഹാസം പെലെ ഇനി ഓർമ ……
ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു
സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ പതിവ് ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് കുടലിൽ അർബുദം ബാധിച്ചതായി അറിഞ്ഞത്.
കുറച്ചുദിവസത്തെ ചികിത്സക്കു ശേഷം ആശുപത്രിവിട്ട പെലെയെ ഡിസംബറിൽ കീമോ തെറാപ്പിക്കായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാർന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്. പന്തടക്കത്തിലും ഇരുകാലുകൾക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിലും പെലെ വലിയ മികവു പ്രകടിപ്പിച്ചിരുന്നു .
പെലെ, മൂന്നു തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു. 2010 ൽ ന്യൂയോർക്ക് കോസ്മോസിന്റെ ഓണററി പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. തന്റെ കരിയറിലുടനീളം ഒരു ഗെയിമിന് ശരാശരി ഒരു ഗോൾ നേടിയ അദ്ദേഹം, കളിക്കളത്തിൽ എതിരാളികളുടെ ചലനങ്ങൾ മുൻകൂട്ടി അറിയുന്നതിനൊപ്പം രണ്ട് കാലുകളാലും പന്ത് അടിക്കുന്നതിലും മിടുക്കനായിരുന്നു .
രാജ്യാന്തര ഫുട്ബോളില്‍ 1957ല്‍ പതിനാറാം വയസില്‍ അരങ്ങേറിയ പെലെ 1971ലാണ് ദേശീയകുപ്പായം അഴിച്ചുവെച്ചത്. രാജ്യത്തിനായി 92 മത്സരങ്ങളില്‍ പന്ത് തട്ടി.
പെലെ തന്റെ കരിയറിന്റെ ഭൂരിഭാഗവും ദേശീയ ലീഗിനേക്കാൾ സംസ്ഥാന ചാമ്പ്യൻഷിപ്പിലാണ് ചെലവഴിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഗോളുകൾ റിയോ-സാവോ പോളോ ടൂർണമെന്റ്, കോപ്പ ലിബർട്ടഡോർസ്, അന്താരാഷ്ട്ര മത്സരങ്ങൾ എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്നു. ബ്രസീലിന്റെ രണ്ട് ലോകകപ്പ് വിജയങ്ങളിലെ നിർണായക സാന്നിധ്യമായത് ഉൾപ്പെടെ, മറ്റൊരു കളിക്കാരനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് അദ്ദേഹം.
1958, 1962, 1970 വർഷങ്ങളിലായി പെലെ മൂന്ന് ലോകകപ്പുകൾ നേടി. ആദ്യ മത്സരത്തിൽ പരിക്കേറ്റതിനാൽ 1962 ലോകകപ്പിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം പരിമിതമായിരുന്നു. തുടർന്ന് അത്തവണത്തെ ലോകകപ്പിൽ പെലെയ്ക്ക് കളിയ്ക്കാൻ കഴിഞ്ഞതുമില്ല. 77 ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം ടീമിന്റെ എക്കാലത്തെയും മികച്ച സ്കോറർമാരിൽ ഒരാളായി ഇപ്പോഴും തുടരുന്നു
അവസാനം കളിച്ച ലോകകപ്പിൽ ഗോൾഡൻ ബോളും സ്വന്തമാക്കിയായിരുന്നു പെലെയുടെ മടക്കം. ഇന്നും മൂന്ന് ലോകകപ്പുകൾ നേടിയിട്ടുള്ള ലോകത്തെ ഒരേയൊരു താരമാണ് പെലെ.
1957 ൽ അർജന്റീനക്കെതിരെ തുടങ്ങിയ അന്താരാഷ്ട്ര കരിയർ 1971 ൽ പെലെ അവസാനിപ്പിച്ചു. യൂഗോസ്ലോവാക്യക്കെതിരെയായിരുന്നു ഇതിഹാസ താരം അവസാനമായി ദേശീയ ജേഴ്സിയണിഞ്ഞത്.92 കളികളിൽ നിന്ന് 77 ഗോളുകൾ അടിച്ചു കൂട്ടിയതിന് ശേഷമായിരുന്നു പെലെ ബ്രസീൽ ജേഴ്സി അഴിച്ചു വെച്ചത്. ഇതിന് ശേഷവും ക്ലബ്ബ് ഫുട്ബോളിൽ സജീവമായിരുന്ന പെലെ 1977 ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചത്. കരിയറിൽ എല്ലാ മത്സരങ്ങളിലുമായി 1281 ഗോളുകൾ സ്കോർ ചെയ്തിട്ടുള്ള പെലെ ഇതിന് ഗിന്നസ് ലോക റെക്കോർഡും സ്വന്തമാക്കിയിരുന്നു.