സ്നേഹം മാർഗ്ഗമാക്കിയ ഗുരുചൈതന്യം.. ഇന്ന് ശ്രീനാരായണഗുരുവിന്റെ 168 ആം ജയന്തി ദിനം..

സ്നേഹം മാർഗ്ഗമാക്കിയ ഗുരുചൈതന്യം.. ഇന്ന് ശ്രീനാരായണഗുരുവിന്റെ 168 ആം ജയന്തി ദിനം..

 

“ഒരു ജാതി, ഒരു മതം , ഒരു ദൈവം”

“മതമേതായാലും മനുഷ്യൻ നന്നായാൽ മതി.”

മാനവീകതയാണ് വലുതെന്നു ജീവിച്ചു തെളിയിച്ച നവോത്ഥാന കർത്താക്കളിൽ ഒരാളായിരുന്നു ശ്രീ നാരായണ ഗുരു.

തീ പാറുന്ന വാക്കുകൾ കൊണ്ട് അയിത്തമെന്ന ദുരാചാരത്തെ ചുട്ടെരിച്ച മഹാൻ. അവർണ്ണരെന്നു സമൂഹം എഴുതിതള്ളിയ ഒരു ജനതയ്ക്കു ആത്മീയതയുടെ വാതിൽ തുറന്ന് ഈശ്വരനെല്ലാവരുടെയുമാണെന്ന് കാട്ടികൊടുത്ത വഴികാട്ടിയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേ വിഷം കയറി ഭ്രാന്താലയമായിരുന്ന കേരളത്തെ ആദർശങ്ങൾക്കൊണ്ടും പ്രവർത്തികൾക്കൊണ്ടും കരകയറ്റി ഒരു നവകേരളമാക്കിയ ശില്പികളിൽ ഒരു ശ്രേഷ്ഠ വ്യക്തിത്വമാണ് അദ്ദേഹം.

“ജാതി ചോദിക്കരുതെന്ന ” ആപ്‌തവാക്യം സമൂഹത്തെ പഠിപ്പിച്ച ആ ദിവ്യാത്മാവിന്റെ ജന്മദിനത്തിൽ അദ്ദേഹം സമൂഹത്തിനു കാട്ടിത്തന്ന വഴികളെ ഓർക്കാം. വർഗീയതയും, ജാതിവ്യത്യാസങ്ങളും ഇല്ലാതാകട്ടെ.

സമത്വസുന്ദരകേരളമാകട്ടെ നമ്മുടെ നാട്..

 

കേരളത്തിന്റെ പൊതു ധാരയിൽ, മുഖ്യമായും സാമൂഹിക പരിഷ്കർത്താവാണ്, പ്രത്യേകിച്ചും ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തിയാണ് ശ്രീനാരായണഗുരു. എന്നാൽ ഈ ഉപഭൂഖണ്ഡത്തിലെ ഗുരു പാരമ്പര്യത്തിൽ പ്രകാശിച്ചു കാണുന്ന ഒരു തത്വത്തെ ഗുരു സ്വന്തം ജീവിതം കൊണ്ട് ആവിഷ്കരിച്ചത് നാം മറക്കരുത്.. സർവ്വം ബ്രഹ്മമയം – പല പേരുകളിൽ വിളിക്കപ്പെടുന്ന ഏകനായ ജഗദീശ്വരന്റെ ഊർജ്ജമാണ് കാണായതിൽ എല്ലാം നിറഞ്ഞുനിൽക്കുന്നത് എന്ന ഉദാത്ത ബോധമാണത്. ‘ നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും.. നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രി ആയതും.. ‘ എന്നു ദൈവദശകത്തിൽ ഗുരു പറഞ്ഞത് അനുഭവത്തിൽ നിന്നും ആകാനേ തരമുള്ളൂ.. ആഴമേറിയ തിരിച്ചറിവുകൾ അത്ര ലളിതമായി പകർന്നു തരാൻ അനുഭവസ്ഥർക്കല്ലേ കഴിയൂ.. ഈയൊരു വിശാല ബോധമാണ് സകലതിനെയും തന്നിൽ നിന്ന് അന്യമല്ലാതെ ഗുരു കണ്ടതിനു പിറകിൽ.. ഈ സമഭാവന കുട്ടിക്കാലത്ത് തന്നെ ഗുരുവിൽ പ്രകടമായിരുന്നു എന്ന് ജീവചരിത്രത്തിൽ നിന്ന് നാം അറിയുന്നു..

ചരിത്രത്തിൽ കാണുന്ന വലിയ ഗുരുക്കന്മാർ പലരും അവലംബിച്ച ശൈലി തന്നെയാണ് നാം ഗുരുവിലും കാണുന്നത്. ജനിച്ചുവളർന്ന വീടും നാടും വിട്ട് വിജനപ്രദേശങ്ങളിലും കാടുകളിലും ഏകാന്ത ജീവിതം നയിക്കുകയും തിരിച്ചുവന്ന് സ്വന്തം ആന്തരിക പരിണാമത്തിന്റെ ഫലമായി കിട്ടിയ അറിവുകളിൽ നിന്ന് സമൂഹത്തിന് ഉപകരിക്കുന്ന അംശങ്ങൾ പങ്കുവെക്കുകയും ആണത്..

 

ശ്രീനാരായണഗുരു കുഞ്ഞുനാളിൽ തന്നെ ഏകാന്തത ഇഷ്ടപ്പെട്ടിരുന്നതായി പറയുന്നു.. വളരുംതോറും ആ പ്രവണത കൂടി ഏകാന്ത യാത്രകളായി. കാൽനടയായുള്ള ദീർഘ യാത്രകൾ.. വീട് ഉപേക്ഷിച്ചത് എന്നാണെന്നോ എപ്പോഴാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. വീട്ടിൽ നിന്ന് പുറപ്പെട്ട് കേരളത്തിന്റെ തെക്കേ അറ്റത്തൊരു സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പരിസരത്ത് കുറെ നാൾ കഴിഞ്ഞു.. അവിടെനിന്ന് തിരുവിതാംകൂറിൽ പലസ്ഥലങ്ങളിലായി ജനജീവിതം അറിഞ്ഞു നടന്നു.. എവിടെ ചെന്നാലും രോഗികളും മക്കളില്ലാതെ ദുഃഖിക്കുന്നവരും ജീവിത പ്രശ്നങ്ങൾ നേരിടുന്നവരും അടുത്തു കൂടും. അങ്ങനെയങ്ങനെ കുറേ കാര്യങ്ങളുണ്ട് ഗുരുവിന്റെ ജീവിതത്തിൽ..

“ജാതി ചോദിക്കരുതെന്ന ” ആപ്‌തവാക്യം സമൂഹത്തെ പഠിപ്പിച്ച ആ ദിവ്യാത്മാവിന്റെ ജന്മദിനത്തിൽ അദ്ദേഹം സമൂഹത്തിനു കാട്ടിത്തന്ന വഴികളെ ഓർക്കാം. വർഗീയതയും, ജാതിവ്യത്യാസങ്ങളും ഇല്ലാതാകട്ടെ.

സമത്വസുന്ദരകേരളമാകട്ടെ നമ്മുടെ നാട്.

ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷിക്കുന്ന ഈ ചതയ ദിനം നന്മയുടെ ധന്യമാകട്ടെ എല്ലാവർക്കും ചതയ ദിനാശംസകൾ..

Leave a Comment

Your email address will not be published.