പത്തനാപുരത്തെ പാവപ്പെട്ട അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച്‌ സ്നേഹസൗധമൊരുക്കി എം എ യൂസഫലി…

പത്തനാപുരത്തെ പാവപ്പെട്ട അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച്‌ സ്നേഹസൗധമൊരുക്കി എം എ യൂസഫലി…….

 

മലയാളികളിലെ അതിസമ്പന്നൻ. സമ്പന്നതയുടെ ഉയരങ്ങൾ താണ്ടുമ്പോഴും സഹജീവികളെ മറക്കാത്ത മനുഷ്യ സ്നേഹിയാണ്. എം എ യൂസഫലി.

നിരവധി മനുഷ്യരെയാണ് കേരളത്തിലെ ഈ ഏറ്റവും വലിയ സമ്പന്നൻ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്.ഇപ്പോഴിതാ പത്തനാപുരത്തെ പാവപ്പെട്ട അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച്‌ സ്നേഹസൗധമൊരുക്കി യൂസഫലി എന്ന മനുഷ്യസ്നേഹി ഒരിക്കല്‍ കൂടി ലോകത്തിന് മാതൃകയാവുകയാണ് .ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച്‌ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം ഇനി അമ്മമാര്‍ക്ക് സ്വന്തം.

മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം.എ. യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. അമ്മമാര്‍ ചേര്‍ന്ന് നാട മുറിച്ച്‌ മന്ദിരം ഉദ്ഘാടനം ചെയ്തു.

 

എല്ലാ നന്മയുള്ള പ്രവര്‍ത്തനങ്ങളും ഹൃദയത്തിനുള്ളില്‍ നിന്നാണ് താന്‍ ചെയ്യുന്നതെന്നും അമ്മമാര്‍ക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു

“പാവപ്പെട്ട അമ്മമാർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഒരു മന്ദിരം നിർമ്മിച്ചു നൽകാമെന്നു തീരുമാനിച്ചത്. അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണ്. ഉമ്മയില്ലാത്തവരുടെ ദു:ഖം അനുഭവിക്കുന്ന ഞാനടക്കം എത്രയോ പേരുണ്ട് ഇവിടെ.

ലോകത്ത് എവിടെയായാലും ഉമ്മയെ കാണാൻ പോകാറുണ്ടായിരുന്നു. രണ്ടു മാസത്തിനിടെയെങ്കിലും ഉമ്മയേയും ഉപ്പയേയും പോയി കാണുന്നതായിരുന്നു പതിവ്. അവരോട് അബുദാബിയിൽ വന്ന് താമസിക്കാൻ പറയും. എന്നും ഓഫിസിലേക്കു പോകുമ്പോൾ ഉമ്മയുടെ നെറുകയിൽ ഉമ്മവച്ചിട്ടാണ് ഇറങ്ങിയിരുന്നത്” – യൂസഫലി പറഞ്ഞു

മന്ദിരത്തിലെ വൈദ്യുതിക്കും മറ്റ് അറ്റകുറ്റ ജോലികള്‍ക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ ഗാന്ധിഭവന് നല്‍കും. ഇത് തന്‍റെ മരണശേഷവും തുടരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ മന്ദിരം നിര്‍മ്മിക്കുമെന്നും യൂസഫലി അറിയിച്ചു.

ഒരേസമയം 250 പേര്‍ക്ക് ഇവിടെ താമസിക്കാം. എം.എ.യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

 

2019 മേയ് നാലിന് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാര്‍ക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബിള്‍ സൈഡ് റെയില്‍ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍, രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ഥനാമുറികള്‍, ഡൈനിങ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് എന്നിങ്ങനെ നീളുന്നു.

 

ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്ത് പിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അവര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മ്മിച്ച്‌ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

കോവിഡ് പ്രതിസന്ധികാലത്തടക്കം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സക്കും ഭക്ഷണത്തിനും മറ്റുമായി ഏഴുകോടിയിലധികം രൂപയുടെ സഹായവും യൂസഫലി നല്‍കി. ഓണത്തിനും റംസാനും വിഷുവിനും ക്രിസ്തുമസിനുമെല്ലാം ഈ കരുതല്‍ അമ്മമാരെ തേടിയെത്തി.

 

 

28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 58,000 പേരാണു ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനീഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 207 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇത് കൂടാതെ യുഎസ്എ, യുകെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായിലാൻഡ് മുതലായ രാജ്യങ്ങൾ ഉൾപ്പെടെ 14 രാജ്യങ്ങളിൽ ലോജിസ്റ്റിസ്ക് കേന്ദ്രങ്ങളുമുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിച്ച് 250 ഹൈപ്പർമാർക്കറ്റ് എന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണ് ലുലു ഗ്രൂപ്പ്. ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും തന്റെ സഹായ ഹസ്തങ്ങൾ മറക്കാത്ത ഒരു മനുഷ്യ സ്നേഹിയാണ് മലയാളിയായ എം.എ.യൂസഫലി.

Leave a Comment

Your email address will not be published. Required fields are marked *