മലയാളികളുടെ ദേശീയ ഉത്സവം.. ഓണം.

മലയാളികളുടെ ദേശീയ ഉത്സവം.. ഓണം.

 

മലയാളികൾ ജാതിമതഭേദമില്ലാതെ ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം.. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്ര രേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവം ആണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ധ അഭിപ്രായം.. ഒരു സ്മരണയുടെ പ്രതീകം ആയിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്. വാമന വിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവം ആയിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹിഗോത്സവം ആയി മാറി..

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. എന്നാൽ അവിടെ മഹാബലിക്കു പകരം വാമനനെയാണ് ആരാധിക്കുന്നത്. ഒരു പക്ഷെ വാമനൻ മഹാബലിക്കുമേൽ വിജയം നേടിയത് തൃക്കാക്കരയിൽ വച്ചാവാം. മഹാബലിയെ വാമനൻ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തി എന്ന ഒരു കഥക്ക്പ്രചാരമുണ്ട്. പക്ഷെ ചവിട്ടി താഴ്ത്തിയ ഒരു കഥ എവിടെയും പറയുന്നില്ല. ഭാഗവത പുരാണത്തിലാണ് ബലിയുടെ കഥയുള്ളത്. അതിൽ സുതലത്തിലേക്ക് പറഞ്ഞയക്കുകയും, അവിടെ മഹാവിഷ്ണു അദ്ദേഹത്തിൻ്റെ ദ്വാരപാലകനായി നിന്നു എന്നുമാണ് കഥ.

കേരളീയരാണ് ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ കേരളത്തിലും മധുര ഉൾപ്പെട്ട തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ ‘മധുരൈകാഞ്ചി ‘യിലാണ്‌ ഓണത്തെക്കുറിച്ചുളള ആദ്യപരാമർശങ്ങൾ കാണുന്നത്‌. തിരുമാൾ (മഹാവിഷ്ണു)വിന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിക്കുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളിൽ പറയുന്നു. പിന്നീട് കാർഷികവും വാണിജ്യവുമായി അതു മാറി. കർക്കടകമാസത്തിന് ശേഷം മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിൻ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തിൽ വിളവെടുപ്പിനേക്കാൾ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം.

മലയാളികൾക്ക് ഈ ഓണത്തിന് വേറെയൊരു പ്രത്യേകത കൂടിയുണ്ട്.. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് പ്രതിസന്ധി മൂലം പലർക്കും ഓണം വേണ്ടത്ര രീതിയിൽ ആഘോഷിക്കാൻ സാധിച്ചിരുന്നില്ല. ദുരിതങ്ങൾക്കുശേഷം വരുന്ന ഒരു സമൃദ്ധിയുടെ ഉത്സവമാണ് ഓണം..അതേപോലെ രണ്ടു വർഷത്തെ ദുരിതങ്ങൾക്ക് ശേഷം ആഘോഷിക്കാൻ പോകുന്ന ഒരു ഓണം ആണ് ഇത്… കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴഞ്ചൊല്ലിനെ അനർത്ഥം ആക്കിയാണ് പലരും ഓണം ആഘോഷിക്കുന്നത്..

Leave a Comment

Your email address will not be published.