ഇരുവരിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന്റെ അഭിനയം കണ്ടു ഞെട്ടിത്തരിച്ചിരുന്നു എന്നു മണി രത്നം..

ഇരുവരിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന്റെ അഭിനയം കണ്ടു ഞെട്ടിത്തരിച്ചിരുന്നു എന്നു മണി രത്നം..

 

 

മോഹന്‍ലാല്‍ അഭിനയിച്ച ഇതരഭാഷാ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമാണ് മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍. ആനന്ദന്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നുമാണ്. ഒരു ‘മോഹന്‍ലാല്‍ ഷോട്ട് ‘ മണിരത്നം ആദ്യമായി ശരിവച്ച ചിത്രം ഇരുവര്‍ ആയിരുന്നില്ല. മോഹന്‍ലാല്‍ മണിരത്നത്തിന്റെ ദൃശ്യഭാഷയുമായി പരിചയപ്പെട്ട ചിത്രവും ഇരുവര്‍ ആയിരുന്നില്ല. സത്യത്തില്‍ അവരിരുവരും നേരത്തേ തന്നെ ‘ ഇരുവര്‍’ ആയിരുന്നു : മോഹന്‍ലാലും മണിരത്നവും എന്ന ഇരുവര്‍. ഇന്ത്യന്‍ വാണിജ്യ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നിനെ സാക്ഷാത്കരിച്ചതിലൂടെ അവര്‍ പിന്നീട് ഏറ്റവും വിജയിച്ച ചലച്ചിത്രദ്വയങ്ങളിലൊന്നുമായി. ഇരുവരെയും ഒന്നിച്ചിണക്കിയ ആ നൂലിന് പേര് മറ്റൊന്നുമല്ല, പ്രതിഭയെന്നാണ്.

ഇരുവര്‍ പുറത്തിറങ്ങുന്നത് 1997-ല്‍ ആണ്. പൊതുവേ അന്യഭാഷാചിത്രങ്ങളോട് അകന്നുനില്‍ക്കുന്ന ഒരാളായിരുന്നു അക്കാലത്തെ മോഹന്‍ലാല്‍ എന്ന് നമുക്കറിയാം. എന്നിട്ടും, ആനന്ദനായി അഭിനയിക്കുവാന്‍ മണിരത്നം മോഹന്‍ലാലിനെ തന്നെ തേടിച്ചെന്നത് എന്ത് കൊണ്ടാവാം? പ്രത്യേകിച്ച് കഥാപാത്രങ്ങളെ വിശ്വസനീയമായും യഥാതഥമായും അവതരിപ്പിക്കണമെന്ന് ശാഠ്യമുള്ള അദ്ദേഹത്തെപ്പോലൊരു സംവിധായകന്‍ ? മണിരത്നത്തിന്റെ ആ ശാഠ്യം തന്നെയാവാം ആനന്ദനെ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അനുയോജ്യന്‍ മോഹന്‍ലാല്‍ ആണെന്ന തീരുമാനത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചതും.

‘ പൂര്‍വനിശ്ചിതമായൊരു പ്രകടനത്തിലൂടെ കാര്യങ്ങള്‍ തീരുമാനമാക്കുന്നൊരു നടനേയല്ല മോഹന്‍ലാല്‍. അയാള്‍ അനിശ്ചിതത്വങ്ങളിലൂടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് എത്തുന്നൊരാളാണ്. അതുകൊണ്ട് തന്നെ റിഹേഴ്സലുകളിലോ, ചര്‍ച്ചയിലോ ഒന്ന് തീരുമാനിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ ആവില്ല. ഓരോ നിമിഷത്തിലും അയാള്‍ അത്ഭുതകരമാംവിധം വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ കൊണ്ട് സംവിധായകരെ അത്ഭുതപ്പെടുത്തും. അയാള്‍ നിമിഷങ്ങളുടെ നടനാണ്. ഓരോ നിമിഷത്തിലും അയാള്‍ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ അയാളെ സ്വതന്ത്രനായി വിടുമ്പോഴാണ് നമുക്ക് മികച്ച ഫലം ലഭിക്കുന്നത്. ഓരോ തവണയും സൂക്ഷ്മമായ ഭാവാംശങ്ങളെ കൂട്ടിച്ചേര്‍ത്ത് കൊണ്ട് അയാള്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടേ ഇരിക്കും ‘ മണിരത്നം മോഹന്‍ലാലിനെപ്പറ്റി പറയുന്നു.

”ഇരുവര്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാന്‍ മോഹന്‍ലാലുമായി സംസാരിക്കുമായിരുന്നു. ഈ മനുഷ്യന്റെ പ്രകടനം കണ്ട് ഞാന്‍ എപ്പോഴും അമേസ്ഡ് ആയിട്ടുണ്ട്.പുള്ളി ചെയ്യുന്ന ചില മലയാള സിനിമകളിലൊക്കെ ലാസ്റ്റ് മിനിട്ടിലായിരിക്കും സ്‌ക്രിപ്റ്റ് എഴുതി മുഴുവനാകുക, സീനുകളൊക്കെ ഷൂട്ടിന് തൊട്ടുമുമ്പ് എഴുതുന്നേ ഉണ്ടാവുകയുള്ളൂ. എന്നിട്ടും ആ ക്യാരക്ടറിനെ കുറിച്ചുള്ള ബ്യൂട്ടിഫുളായ ഒരു ത്രെഡ് പുള്ളിക്ക് കിട്ടും. അത്രയും കണ്‍സിസ്റ്റന്റാണ്…അദ്ദേഹം അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര് കേട്ടിട്ട് ആ വ്യക്തി എങ്ങനെയാണ് എന്ന് മനസിലാക്കുകയാണോ എന്ന് ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. മണി രത്നം പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *