നൻപകൽ നേരത്തെ മയക്കം… മമ്മൂട്ടി എന്ന നടന്റെ അസാധ്യ പ്രകടനം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. സ്വപ്നങ്ങൾ വിൽക്കാനുണ്ടെന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായ് അഭിനയിക്കുന്നത്..തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള,കൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു.മമ്മൂട്ടിക്ക് ആദ്യമായി താരപദവി നേടിക്കൊടുത്ത ചിത്രമാണ് യവനിക. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായി മാറിയിരുന്നു. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മമ്മൂട്ടി മലയാള പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. ഒരുപാട് അവാർഡുകളും പുരസ്കാരങ്ങളും മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്.
നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടി ഒരുപാട് മേഖലകളിൽ ഒത്തിരി അപ്ഡേറ്റഡ് ആയ ഒരു നടനാണ് എന്ന് വളരെ കാലമായി ഉയർന്നുവരുന്ന ഒരു പരാമർശമാണ്..പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നതുകൊണ്ട് മാത്രമാണോ മമ്മൂട്ടി ഇത്ര അപ്ഡേറ്റഡ് ആണെന്ന് പറയുന്നത് ?? മലയാള സിനിമ പുതിയ വഴിയിലേക്ക് മാറി ചിന്തിച്ചിട്ടുള്ള പല സന്ദർഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം അവിടെ ഉണ്ടായിട്ടുണ്ട്. അത് യവനികയിൽ തുടങ്ങി ന്യൂഡൽഹി, ബിഗ് ബി ഇപ്പോൾ റോഷാക്കിൽ വരെ എത്തി നിൽക്കുന്നു. പൃഥ്വിരാജ് പറഞ്ഞ കരിയറിലെ ആ ഇൻഡറെസ്റ്റിങ് ഫെയ്സ് എന്താണെന്ന് കൊറോണക്കു ശേഷം മമ്മൂട്ടിയുടെ തിരഞ്ഞെടുപ്പ് സിനിമകളിൽ നിന്ന് തന്നെ വായിച്ചെടുക്കാവുന്നതാണ്.
പുതുമുഖ സംവിധായകർ മാത്രമല്ല കാരണം, കാലത്തിന് അനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള സിനിമകൾ മമ്മൂട്ടിയിലെ പ്രേക്ഷകൻ മനസ്സിലാക്കുകയും അതുവഴി ഒരു പുതിയ സിനിമ സംസ്കാരത്തിന് തുടക്കം കുറിച്ച് പ്രേക്ഷകർക്ക് നല്ലൊരു പുതുമയും ഉണർവും നൽകി ഇതെല്ലാം തന്നിലെ നടനെ പിഴിഞ്ഞെടുക്കാൻ പറ്റുന്ന അവസരവും ആണെന്നുള്ള ബോധ്യവും തിരിച്ചറിവുമാണ് മമ്മൂട്ടി എന്ന നടനെ ഇന്നും അപ്ഡേറ്റഡ് ആക്കി നിർത്തുന്നത്..
മമ്മൂട്ടിയുടെ അവസാനമായി ഇറങ്ങിയ ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്തെ മയക്കം..നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു പ്രേക്ഷകന്‍ അമ്പേ പരാജയപ്പെട്ട് പോവുന്ന ഒരു നിമിഷമുണ്ട്. കണ്ടിറങ്ങിയ സിനിമയില്‍ മമ്മൂട്ടിയെന്ന താരത്തെ തിരയുമ്പൊഴാണത്.ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്തത്രയും കഥാപാത്രങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാന്‍ തക്ക അഭിനയസമ്പത്തുള്ളൊരാള്‍…അങ്ങനെയൊരാള്‍ അവയെ ഒന്നും ഓര്‍മ്മിപ്പിക്കാതെ ഒരു പുതിയ കഥാപാത്രത്തെ കാണിച്ചുതരുന്നത് തന്നെ ഒരു ബാലികേറാമലയാവും…അങ്ങനെയായിരിക്കെ തന്റെ സ്വത്വം പൂര്‍ണ്ണമായിത്തന്നെ വെടിഞ്ഞ് മറ്റൊരാളായി ഇനിയും മാറിക്കാണിച്ചുതരുന്നത്. വിവരിക്കാന്‍ വാക്കുകളില്ല. സുന്ദരമെന്ന ഒരു മനുഷ്യന്‍…ഉറക്കത്തിനിടയിലുള്ള പകലുകളും അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവുകളും എത്ര ലളിതമായി, എത്ര സൂക്ഷ്മമായി അവതരിപ്പിച്ചുവെന്ന് കാണുമ്പോള്‍ തമിഴ്നാട്ടിലെ ഒരു സാധാരണ ഗ്രാമത്തിലെവിടെയോ അയാള്‍ ജീവിച്ചിട്ടുണ്ടാവുമെന്ന് തോന്നിയിരുന്നു പലപ്പോഴും.ശബ്ദങ്ങളും പശ്ചാത്തലവും ദൃശ്യങ്ങളുമൊക്കെയായി ആ തോന്നലിന്റെ ആക്കം കൂട്ടുന്ന സംവിധാനവും ഛായാഗ്രഹണവും ശബ്ദസംവിധാനവുമെല്ലാം. ശാന്തമായി ഒഴുകുന്ന ഒരു അരുവി പോലെ…ഇനിയും ഒന്നും തെളിയിക്കാനില്ല, ഇനിയുമൊന്നും പുതുതായി കാണിച്ചുതരാനില്ല എന്ന് ഓരോ കാഴ്ചകള്‍ക്ക് പിന്‍പും തോന്നുമ്പൊഴും അതിനെയൊക്കെ ഒരു ചുവന്ന മഷികൊണ്ട് തിരുത്തി വീണ്ടും യാത്ര തുടരുകയാണ്.