ആണധികാരവും ആണത്ത ബോധവും. 

ആണധികാരവും ആണത്ത ബോധവും.

 

ഒരുകാലത്ത് ടിക്‌റ്റോക് അരങ്ങു വാണിരുന്ന ഒരു സമയം ഉണ്ടായിരുന്നു.. അന്നൊക്കെ എവിടെ നോക്കിയാലും കൂടുതൽ വ്യൂസ് നേടുന്നത് പൈങ്കിളി വീഡിയോസിന് ആയിരുന്നു.. ഒരു പത്തുവർഷം പുറകോട്ടു നോക്കിയാൽ ഇന്നത്തെ കാഴ്ചപ്പാടുകളിൽ നിന്ന് അപ്പാടെ മാറിയ ഒരു പ്രത്യേക ടോക്സിക് ബന്ധങ്ങളാണ് ഉണ്ടായിരുന്നത്.. എന്നു പറയുമ്പോൾ ഇന്നത്തെ റിലേഷൻഷിപ്പുകൾ എല്ലാം അപ്പാടെ ഫോർവേഡ് ആയി എന്നൊരു അർത്ഥമില്ലാട്ടോ..

ടോക്സിക് റിലേഷൻഷിപ്പുകൾ കൊട്ടിഘോഷിക്കുന്ന സീരിയലുകളുടെ പ്രതിഫലനമായി ടിക്‌റ്റോക് ലും മേൽപ്പറഞ്ഞ കലിപ്പൻ കാന്താരി ടോക്സിക് റിലേഷൻ ഗ്ലോറിഫിക്കേഷൻ വലിയ ട്രെൻഡിങ്ങിൽ ആയിരുന്നു.. ഒരുകാലത്ത് ഓവർ കെയറിങ് എന്നുപറയുന്നത് സ്നേഹത്തിന്റെ തന്നെ പ്രതിഫലനമാണ്. സ്നേഹമുള്ളിടത്തെ ഇത്തരം കെയറിങ്ങുകളും ചോദ്യം ചെയ്യലുകളും നിയന്ത്രണങ്ങളും ഭരണങ്ങളും അടിച്ചുതൊഴിച്ച് നേർവഴിക്ക് കൊണ്ടുവരലുകളും ഉള്ളൂവെന്ന് പറഞ്ഞ് പഠിപ്പിച്ചിരിക്കുകയാണല്ലോ.

ഇപ്പോൾ നമ്മൾ കാണുന്നതിൽ കുറെയും പ്രണയം എന്ന പേരിൽ കാട്ടിക്കൂട്ടുന്ന ചില ടോക്സിക് റിലേഷൻഷിപ്പുകളെയാണ്… ഇഷ്ടമാണെന്ന് ഒരു ഗ്രീൻ സിഗ്നൽ കൊടുത്തു കഴിഞ്ഞാൽ നെക്സ്റ്റ് മൂവ്മെന്റ് തൊട്ട് പെൺകുട്ടി ഇടേണ്ട ഡ്രസ്സ് കോഡു മുതൽ പെൺകുട്ടിയുടെ എഫ് ബി പാസ്സ്‌വേർഡ്, എഫ് ബി യിൽ ഗ്രീൻ ലൈറ്റിൽ ഇരിക്കേണ്ട സമയപരിധി, എവിടെപ്പോയാലും ആറു മണിക്കുള്ളിൽ വീട്ടിൽ കയറൽ, ആ പോകുന്നതിന് പെർമിഷൻ ഒരാഴ്ച മുമ്പേ വാങ്ങി വയ്ക്കണം.. അത് വേറെ കാര്യം.. എന്ന് തുടങ്ങി ആൺ വർഗ്ഗത്തിൽപ്പെട്ട ആങ്ങളയോട് വരെ സൂക്ഷിക്കേണ്ട അകലം എഴുതി ചിട്ടപ്പെടുത്തി ഒരു കാർഡ് അങ് അടിച്ചു വിടും ചില ടിപ്പിക്കൽ ഓൾഡ് ആൺ പടുക്കളുടെ ദാർഷ്ട്യം…

ആണുങ്ങളല്ല പ്രശ്നം ആണത്ത ബോധങ്ങളാണ്.. പലപ്പോഴും ഒരാളോട് പറഞ്ഞു മനസ്സിലാക്കാൻ ആകാത്ത ഒന്നാണ് ഈ സമൂഹത്തിൽ സ്ത്രീകളും മറ്റു ന്യൂനപക്ഷലിംഗക്കാരും എത്രമാത്രം അണ്ടർ പ്രിവിലേജഡ് ആണ് എന്നുള്ളത്. എത്ര പറഞ്ഞാലും താൻ ജീവിച്ചു പഠിച്ചു പോകുന്ന സാഹചര്യങ്ങൾ കൊണ്ട് മറ്റെന്തോ കാരണങ്ങൾ കൊണ്ട് ഇത് അംഗീകരിക്കാൻ പലരും തയ്യാറല്ല.. പറഞ്ഞുവരുന്നത് ഇതിനെക്കുറിച്ചല്ല, ഇത് മനസ്സിലാക്കാത്തതുമൂലം വിദ്വേഷങ്ങൾ പകർത്തുന്ന ചിലരെ കുറിച്ചാണ്..സമൂഹം ഇന്നും പാട്രിയോർക്കലാണ് എന്ന് തുറന്നു സമ്മതിക്കാൻ വിമുഖത കാണിക്കുന്ന, ആണുങ്ങളെല്ലാം ഇവിടുത്തെ നിയമം കൊണ്ട് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് വെറുതെ വരുത്തി തീർക്കാൻ ശ്രമിക്കുന്നവരെ പറ്റിയാണ്..

 

ആണുങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്ത് സംസാരിക്കുന്ന ഓരോ പുരുഷനും, ഒരു സ്ത്രീ ഒരു പ്രശ്നത്തിലൂടെ കടന്നു പോകുമ്പോൾ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാത്ത കാരണമാണ് ആദ്യം പറയുന്നത്.. തങ്ങളുടെ അധികാരപരിധിയിൽ നിന്നും സ്ത്രീകൾ വിട്ടു പോകുന്നതിന്റെ എല്ലാ തരം മനോ വിഷമങ്ങളും ഈ പറയുന്ന ആണുങ്ങളിൽ കാണാം. സ്ത്രീകളിൽ എന്തെങ്കിലും കാര്യത്തിൽ അനുകൂലിച്ച് കൂടെ നിൽക്കുന്ന പുരുഷനെ പാവാട എന്ന രീതിയിൽ ചിത്രീകരിക്കുന്നത് പോലും ഈ വൃത്തികെട്ട ആൺ ബോധത്തിന്റെ പാർശ്വഫലമാണ്..

 

എനിക്കിത്തരം ആവശ്യമില്ലാത്ത ആണത്ത ചിന്തകളില്ല എന്നൊക്കെ പറഞ്ഞ് നമ്മൾ എത്രയൊക്കെ കൈകഴുകിയാലും ഓരോരുത്തരിലും അത് അവശേഷിക്കുന്നുണ്ട് എന്നത് തന്നെയാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഞാൻ അക്കൂട്ടത്തിൽ പെടുന്ന ആണല്ല പ്രയോഗങ്ങൾക്ക് ഇവിടെ പ്രാധാന്യമില്ല..

 

സമൂഹത്തിൽനിന്ന് ആണുങ്ങളെ മുഴുവൻ ക്യാൻസർ ചെയ്താൽ അല്ല പ്രശ്നം തീരുക. ഇത്തരം ആൺ ബോധങ്ങളും ആണത്ത ചിന്തകളും എടുത്തു കളയുക എന്നുള്ളതാണ് കാര്യം.. ആണുങ്ങൾ ഇന്ന് അനുഭവിക്കുന്ന ഭൂരിഭാഗം ഇത്തരം പ്രശ്നങ്ങൾക്കും പുറകിൽ ഈ പാട്രിയാർക്കിയാണ് കാരണം. ആണുങ്ങൾക്കെതിരെയുള്ള സെക്ഷ്വൽ അംബ്യൂസുകൾക്കും മറ്റും തമാശരൂപേണയുള്ള കമന്റുകൾ വരുന്നതും ഇതേ പൊതുബോധം കാരണമാണ്. അവന്റെയൊക്കെ ഒരു യോഗം എന്ന് ചിന്തിക്കുന്നതും ഒരാണായിട്ടും തല്ലുകൊണ്ട് നിന്നല്ലോ എന്ന് ആലോചിച്ചു പോകുന്നതും എല്ലാം ഇതിനാലാണ്.. ചോക്ലേറ്റ് സിനിമയിലെ സലിംകുമാറിന്റെ പാൽക്കാരൻ പയ്യൻ ഡയലോഗ് എല്ലാം വലിയ കോമഡി ആയതുകൊണ്ടും ഇതേ പൊതുബോധം ഉള്ളതുകൊണ്ടാണ്..

Leave a Comment

Your email address will not be published.