നടന്മാരായ വിജയുടെയും അജിത്തിന്റെയും താരമൂല്യത്തെ കുറിച്ച് വാരിസിന്റെ നിർമ്മാതാവ് ദിൽരാജു..
വരിസ്, തുനിവ് തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണിപ്പോൾ സിനിമ ആസ്വാദകർ. പൊങ്കൽ റിലീസായി ജനുവരി 12 നാണ് ഈ വിജയ് – അജിത് ചിത്രങ്ങൾ തീയേറ്ററുകളിലെത്തുന്നത്. അടുത്തിടെ വരിസിന്റെ നിർമാതാവ് ദിൽ രാജു ഇരു താരങ്ങളേയും കുറിച്ച് നടത്തിയ പരാമർശം തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. അജിത്തിനേക്കാൾ വലിയ താരം വിജയ് ആണെന്നായിരുന്നു ദിൽ രാജു പറഞ്ഞത്. ഇത് വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.ഇത് വലിയ വിവാദങ്ങൾക്കും കാരണമായി. ഇപ്പോഴിത ഈ വിഷയത്തിൽ പ്രതികരണവുമായി ദിൽ രാജു വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നിർമ്മാതാവിന്റെ പ്രതികരണം. താരതമ്യത്തിലൂടെ അജിത്തിനെ തരംതാഴ്ത്താൻ ഉദ്ദേശിച്ചോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ദിൽ രാജു മറുപടി പറഞ്ഞത്. എന്താണ് എന്റെ പ്രസ്താവനയ്ക്ക് പിന്നിലെ അർത്ഥം? ആരെയും തരംതാഴ്ത്തുകയല്ല തന്റെ ഉദ്ദേശം. ഒരു നായകനെ തീരുമാനിക്കാനുള്ള ഘടകമെന്താണ്? ഒരിക്കലും പ്രതിഫലമല്ല.
ഒടുവിൽ പുറത്തിറങ്ങിയ അഞ്ചോ ആറോ സിനിമകളുടെ തീയേറ്റർ വരുമാനമാണ്. തീയേറ്ററല്ലാത്ത വരുമാനം ഒരു മിഥ്യയാണ്. അതാണ് ഒരു നായകന്റെ സ്റ്റാർ പവർ തീരുമാനിക്കുന്നത്. നോക്കൂ വിജയിയുടെ അവസാനം പുറത്തിറങ്ങിയ അഞ്ചോ ആറോ സിനിമകൾ, ഈ സിനിമകളെല്ലാം തമിഴ്നാട്ടിലെ തീയേറ്ററുകളിൽ നിന്ന് മാത്രം 60 കോടിയലധികം ഷെയർ നേടിയിട്ടുണ്ട്.
അങ്ങനെ നോക്കുമ്പോൾ സ്വഭാവികമായും അദ്ദേഹം വലിയ താരമാണ് എന്ന് ദിൽ രാജു പറഞ്ഞു. ദിൽ രാജുവിന്റെ ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഈ കണക്കുകൾ വച്ച് നോക്കുമ്പോൾ ദിൽരാജു പറഞ്ഞതിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. അതേസമയം2017 ൽ മെർസൽ,2018 ൽ സർക്കാർ, 2019 ൽ ബിഗിൽ,2021 ൽ മാസ്റ്റർ, 2022ൽ ബീസ്റ്റ് തുടങ്ങിയ സിനിമകൾ 60 കോടി ഷെയർ നേടിയിട്ടുണ്ടോ എന്ന കാര്യം തമിഴ്നാട്ടിലെ തീയേറ്റർ ഉടമകളിൽ നിന്നും വിതരണക്കാരിൽ നിന്നും മാത്രമേ സ്ഥിരീകരിക്കാനാകൂ. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വരിസ് തമിഴിലും തെലുങ്കിലുമായി ഒരേ സമയം റിലീസിനെത്തും.
രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയിയുടെ നായിക. എച്ച്. വിനോദാണ് അജിത് ചിത്രം തുനിവ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രണ്ട് ചിത്രങ്ങളും തീയേറ്ററുകളിൽ ഹിറ്റായിരിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അജിത് – വിജയ് ചിത്രങ്ങൾ ഒരുമിച്ച് റിലീസിനെത്തുന്നത്. ജില്ല, വീരം എന്നീ ചിത്രങ്ങളായിരുന്നു അന്ന് തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റിയത്. 2014 ലായിരുന്നു ചിത്രങ്ങൾ പുറത്തിറങ്ങിയത്.