ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു; താരത്തിന് ഗുരുതര പരുക്ക്…..
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് താരം അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ വെച്ചാണ് അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് കാർ പൂർണമായും കത്തി നശിച്ചു. അപകട സമയത്ത് പന്ത് തന്നെയാണ് മെഴ്സിഡസ് ബെൻസ് കാറോടിച്ചിരുന്നതെന്നാണ് വിവരം.
ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റി. അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്.
അതുവഴി വന്ന വഴിയാത്രക്കാരാണ് കാറിൻ്റെ ഗ്ലാസ് തകർത്ത് പന്തിനെ കാറിൽ നിന്ന് പുറത്തെടുത്തത്. കാറിൽ പന്ത് ഒറ്റയ്ക്കായിരുന്നു. ക്രിക്കറ്റ് താരത്തിൻ്റെ ശരീരത്തിൽ കാര്യമായ പരിക്കുകളൊന്നുമില്ലെങ്കിലും ഒരു കാലിന് പൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ പറഞ്ഞു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.
പുലർച്ചെ കാർ ഓടിക്കുന്നതിനിടെ താൻ ഉറങ്ങുപ്പോതിനാലാണ് അപകടമുണ്ടായതെന്ന് കാർ ഓടിച്ചിരുന്ന ഋഷഭ് പന്ത് പറഞ്ഞു. നിമിഷങ്ങൾക്കകം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് റൂർക്കിയിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
നിലവിൽ ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റൂർക്കിയിൽ നിന്ന് ഡൽഹിയിലേക്ക് റഫർ ചെയ്യുകയാണെന്നും സക്ഷം ഹോസ്പിറ്റൽ ചെയർമാൻ ഡോ.സുശീൽ നാഗർ പറഞ്ഞു.
താരം എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് ആശംസിച്ച് സഹതാരങ്ങളും മുൻതാരങ്ങളുമെല്ലാം മുന്നോട് വന്നിട്ടുണ്ട്.
ഋഷഭ് വളരെ വേഗത്തിലും പൂർണമായും സുഖം പ്രാപിക്കാൻ ആശംസിക്കുന്നു! ഋഷഭ് ശ്രദ്ധിക്കുക’ -മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ‘ഋഷഭ് പന്ത് സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു. കാർ പൂർണമായി തകർന്നു. കാണാൻ പോലും ഭയാനകം’ -ഇന്ത്യൻ താരം അഭിനവ് മുകുന്ദ് ട്വീറ്റ് ചെയ്തു.
ഇന്ത്യൻ വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണ് ഋഷഭ് പന്ത്. അടുത്തിടെ ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ താരം കളിച്ചിരുന്നു.2016ലെ അണ്ടർ 19 ലോകകപ്പാണ് അദ്ദേഹത്തിന് രാജ്യമെമ്പാടും പ്രശസ്തി നേടിക്കൊടുത്തത്.
ധോണി വിരമിച്ചതിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മൂന്നു ഫോര്‍മാറ്റിലെയും സ്ഥിരം വിക്കറ്റ് കീപ്പറാണ് പന്ത്.ഫെബ്രുവരിയിലെ ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുന്നോടിയായി കരുത്തിനും കണ്ടീഷനിംഗ് പ്രോഗ്രാമിനുമായി എൻസിഎയിൽ ചേരേണ്ടിയിരുന്നതിനാൽ
അടുത്തതായി നടക്കാന്‍ പോകുന്ന ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താരത്തെ ഒഴിവാക്കിയിട്ടുണ്ട്.ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് പന്ത്.