അഭിമാന നേട്ടവുമായി ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് ഏറ്റുവാങ്ങി രാജമൗലി….
വ്യത്യസ്‌തമായ അവതരണ ശൈലികൊണ്ട് സിനിമ പ്രേമികളുടെ മനസില്‍ ഇടം പിടിച്ച സംവിധായക പ്രതിഭയാണ് കൊടുരി ശ്രീസൈല ശ്രീ രാജമൗലി എന്ന എസ് എസ് രാജമൗലി.
മഗധീര, ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങി നിരവധി ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് എസ് എസ് രാജമൗലി.
സാങ്കേതിക വശങ്ങൾ പരിഗണിച്ചാല്‍ പ്രതിഭ എന്ന് തന്നെ വിളിക്കാവുന്ന സംവിധായകനാണ് എസ് എസ് രാജമൗലി. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കഥാകാരന്മാരിൽ ഒരാളെന്ന് നിസംശയം പറയാം
ഇപ്പോഴിതാ രാജ്യത്തിന് അഭിമാന നേട്ടവുമായി ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് രാജമൗലി. മകൻ എസ്.എസ്‍. കാർത്തികേയ്ക്കും ഭാര്യ രമ രാജമൗലിക്കുമൊപ്പമാണ് അദ്ദേഹം അവാർഡ് ഏറ്റുവാങ്ങാൻ എത്തിയത്.
ഓസ്കർ മത്സരവേദിയിൽ തിളങ്ങാനൊരുങ്ങുന്നതിനു മുമ്പേ തന്റെ ആദ്യ രാജ്യാന്തര പുരസ്കാരം സ്വന്തമാക്കിയത് .
ഓസ്കറിനു മുന്നോടിയായി അമേരിക്കയിൽ മികച്ച സ്വീകാര്യതയാണ് രാജമൗലിയുടെ ആർആർആർ നേടുന്നത്. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ആർആർആർ മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 15 വിഭാഗങ്ങളില്‍ ഓസ്കറിൽ മത്സരിക്കും. ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍ ക്യാംപെയ്നിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ഗോള്‍ഡൻ ഗ്ലോബ് നോമിനേഷനിലും ആർആർആർ ഇടം പിടിച്ചിട്ടുണ്ട്. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച ഒറിജിനൽ സോങ് എന്നീ വിഭാഗങ്ങളിൽ രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജനുവരി 11നാണ് ഗോള്‍ഡൻ ഗ്ലോബ് പ്രഖ്യാപനം.
ഇന്ത്യയെമ്പാടും തരംഗമായ ആർആർആറിന് വിദേശത്തും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ചിത്രത്തിന്റെ ഒറ്റിറ്റി റിലീസിന് പിന്നാലെ വിദേശ സിനിമാ പ്രവർത്തകർ ഉൾപ്പടെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിന്നു. ആർആർആർ കണ്ടതിന് ശേഷം ചിത്രത്തേ പ്രശംസിച്ച് ‘ക്യാപ്റ്റൻ അമേരിക്ക’ രചയിതാവ് ജാക്സൺ ലാൻസിങ് , ഡോക്ടർ സ്ട്രെയിഞ്ചിന്റെ തിരക്കഥാകൃത്ത് റോബർട്ട് കാർഗിൽ എന്നിവർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച അഭിപ്രായങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ആഗോളതലത്തിൽ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സിനിമയെന്ന നേട്ടവും ആർ ആർ ആർ സ്വന്തമാക്കി. 45 മണിക്കൂറുകളാണ് ഇതുവരെ ആഗോളതലത്തിൽ കണ്ടുകഴിഞ്ഞിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടീഷ് രാജ് കാലഘട്ടത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീതാമര രാജുവും ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കൊമരം ഭീമും തമ്മില്‍ ഉടലെടുക്കുന്ന സൗഹൃദമാണ് സിനിമയുടെ പ്രമേയം. ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
അതേ സമയം ആർആർആറിന് ശേഷം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലിയുടെ തിരക്കിലാണ് രാജമൗലി .