പുകയരുത് ജ്വലിക്കണം എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ് : സീമ ജി നായർ

അർബുദം ശരീരത്തിന്റെ ഓരോ അവയവങ്ങളിലും പിടി മുറുക്കുമ്പോൾ, ഒരു നിമിഷമെങ്കിൽ ആ ഒരു നിമിഷം ജ്വലിക്കണം എന്ന് സ്വയം പറഞ്ഞും മറ്റുള്ളവരെ ഓർമിപ്പിച്ചും തളരാതെ ജീവിക്കുകയാണ് നന്ദു മഹാദേവ എന്ന ചെറുപ്പക്കാരൻ. കഴിഞ്ഞ ദിവസം, മാർച്ച് 15ന് ശരണ്യയുടെ പിറന്നാളായിരുന്നു. പിറന്നാൾ ആഘോഷത്തിന് നന്ദുവിനേയും കൂട്ടിയാണ് സീമ ജി.നായർ ശരണ്യയെ കാണാനെത്തിയത്. നന്ദുവും ശരണ്യയും തനിക്ക് മക്കളാണെന്ന് സീമ പറയുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും ഒരു കുറിപ്പും സീമ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

സീമ ജി.നായരുടെ സോഷ്യൽ മീഡിയ കുറിപ്പിന്റെ പൂർണരൂപം:

എന്റെ ജീവിതം കാറ്റിലും തിരമാലയിലും പെട്ട കടലാസ് തോണി പോലെ ആയിരുന്നു എന്നിട്ടും കാറ്റിലും തിരയിലും പെടാതെ തോണി മറിയാതെ പിടിച്ചു നിന്നു ജീവിതയാത്രയിലെ ഓരോ ഏടിലും ഓരോ പാഠങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു പഠിക്കാൻ പ്രയാസമുള്ള പാഠങ്ങളും ഈസിയായ പാഠങ്ങളും ഈ ജീവിതം അങ്ങനെ ആണ് ഇന്നലെ മാർച്ച്‌ 15, എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേരുടെ പിറന്നാൾ ആയിരുന്നു അദിതി, രഞ്ജിത്, ഡിമ്പിൾ, ശരണ്യ എല്ലാവരും പ്രിയപ്പെട്ടവർ പക്ഷെ എന്റെ കഥയിലെ രാജകുമാരി ശരണ്യ ആയിരുന്നു അതിജീവനത്തിന്റെ രാജകുമാരി

എന്റെ മോൾക്ക് ഞാൻ ഇന്നലെ കൊടുത്ത ബിഗ് സർപ്രൈസ്, അതിജീവനത്തിലെ “രാജകുമാരനു”മായുള്ള അപ്രതീക്ഷ കൂടിക്കാഴ്ച്ച ആയിരുന്നു പെട്ടെന്ന് ആ രാജകുമാരൻ വീട്ടിലേക്കു വന്നപ്പോൾ എന്റെ മോളുടെ മുഖത്തുണ്ടായ സന്തോഷവും അത്ഭുതവും വിവരിക്കാൻ പറ്റില്ല ആ അപ്രതീക്ഷിതമായ കൂടികാഴ്ച്ചയുടെ സന്തോഷത്തിൽ നിന്ന് അവൾ പുറത്തു വന്നിട്ടുണ്ടായിരുന്നില്ല.. എന്റെ നന്ദുട്ടനും അങ്ങനെ തന്നെ ആയിരുന്നുഎന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന അപൂർവ നിമിഷത്തിന്റെ ഓർമ്മയാവും ഇത്.. എനിക്ക് മാത്രം അല്ല അപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും അത്

നമ്മൾ പഠിക്കേണ്ടുന്ന രണ്ട് പാഠ പുസ്തകങ്ങളുടെ നടുവിൽ ആയിരുന്നു വീട്ടിൽ ഉള്ള എല്ലാവരും അപൂർവങ്ങളിൽ അപൂർവമായ രണ്ട് രോഗങ്ങളോട് പൊരുതുന്ന എന്റെ പ്രിയ മക്കൾ അവർ നൽകുന്ന പോസിറ്റീവ് എനർജി, ആത്മ വിശ്വാസം, എന്തിനെയും നേരിടാനുള്ള ധൈര്യം വെറും വാക്കുകൾ കൊണ്ട് തീരില്ല ഒന്നും അമൂല്യമായ രണ്ട് രത്നങ്ങൾ അപൂർവമായ രണ്ട് നക്ഷത്രങ്ങൾ നന്ദുമോന്റെ ഭാഷ കടമെടുത്താൽ, “പുകയരുത് ജ്വലിക്കണം” ഈ അപൂർവ കൂടികാഴ്ച്ചക്ക് അവസരം ഒരുക്കിയ ജഗദീശ്വരന് നന്ദി പറയുന്നു

Leave a Comment

Your email address will not be published. Required fields are marked *