സോഷ്യൽ മീഡിയയിൽ നിറയുന്ന റോഷാക്ക് ചർച്ചകളും ബ്രില്ല്യൻസുകളും…

സോഷ്യൽ മീഡിയയിൽ നിറയുന്ന റോഷാക്ക് ചർച്ചകളും ബ്രില്ല്യൻസുകളും…

 

റോഷാക്ക്.. സ്ഥിരം വാർപ്പ് മാതൃകകളെ ചുറ്റികകൊണ്ട് അടിച്ച് ചെറിയ ചെറിയ അടരുകളാക്കി മാറ്റിയ അനുഭവം ആയിരിക്കും റോഷാക്ക് കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും.. ഓരോ അടരും ഇളകി വീഴുമ്പോൾ മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ പല മുഖങ്ങൾ, കാഴ്ചകൾ മിന്നിമാറുന്നപോലെ മായാകാഴ്ചകളായി മാറും.. പുതുമകളെ തേടി നടക്കുന്ന ഒരു നടൻ..അയാൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്ന ബോണസ് മൂവ്മെന്റുകളിലൂടെ അൽഭുതം കൂറി നടക്കുമ്പോൾ തികച്ചും സംതൃപ്തി നൽകിയ ഒരു തീയേറ്റർ അനുഭവമായിരിക്കും പലർക്കും റോഷാക്ക്.

അടങ്ങാത്ത പ്രതികാരത്തിന്റെ കഥയാണ് നിസാം ബഷീറിന്റെ റോഷാക്ക്.. തന്റെ ജീവനും ജീവിതവും പ്രിയപ്പെട്ടതും എല്ലാം നഷ്ടമായ ലൂക്ക് ആന്റണി എന്ന മനുഷ്യൻ അതിന് കാരണക്കാരനായ ദിലീപിനോട് നടത്തുന്ന പ്രതികാരമാണ് ചിത്രം പറയുന്നത്…ഒരു സാധാരണ പ്രതികാര കഥയായി മാത്രം ഒതുങ്ങിപ്പോകുമായിരുന്ന റോഷാക്കിനെ വ്യത്യസ്തമായ സിനിമ അനുഭവമാക്കി മാറ്റുന്നതിൽ പ്രധാന ഘടകം ഈ പ്രതികാരത്തെ സിനിമ ട്രീറ്റ് ചെയ്തിരിക്കുന്ന രീതിയാണ്..

 

ജീവിച്ചിരിക്കുന്നവരെ തേടി പ്രതികാരദാഹിയായ പ്രേതമാണ് മുൻ സിനിമകളിൽ എത്താറുള്ളത് എങ്കിൽ ഇവിടെ പ്രേതത്തെ തേടി എത്തുന്നത് ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട മനുഷ്യനാണ്. ദിലീപിനുണ്ടായിരുന്ന ഓരോന്നിന്റെയും അസ്ഥിവാരം തോണ്ടുകയാണ് ചിത്രത്തിൽ ലൂക്ക്.. അതിൽ അയാളുടെ കുടുംബവും പുതിയ വീടും ഫാക്ടറിയും ഏറ്റവും പ്രിയപ്പെട്ട ഭാര്യയും സഹോദരനും അമ്മയും എന്നുവേണ്ട ദിലീപിന്റെ അസ്ഥി വരെ ഉൾപ്പെടുന്നുണ്ട്..

 

ദിലീപിന്റെ ആത്മാവിനെ കുത്തി നോവിപ്പിക്കാനും കൂടുതൽ പ്രകോപിപ്പിക്കാനും വേണ്ടിയാണ് ലൂക്ക് കൃത്യമായ പ്ലാനിങ്ങോടെ ഓരോ നീക്കങ്ങളും നടപ്പിലാക്കുന്നത്…ദിലീപ് ആശിച്ചു മോഹിച്ചു പണിത വീട് സ്വന്തമാക്കുന്ന അയാൾ വീടിനു മുന്നിലെ ദിലീപ് വില്ല എന്ന ബോർഡിലെ ദിലീപിനെ ചുറ്റികകൊണ്ട് അടിച്ച് തകർതാണ് തന്റെ പ്രതികാരത്തിന് തുടക്കം കുറിക്കുന്നത്.. മരണശേഷവും ദിലീപിന് നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന പേരുകൂടി ഇല്ലാതാക്കി അയാളുടെ ഓർമ്മയെ പോലും നശിപ്പിച്ചാൽ പ്രതികാരം പൂർണ്ണമാക്കുമെന്ന തന്റെ കാഴ്ചപ്പാട് അയാൾ യാഥാർത്ഥ്യമാക്കുന്നു..

റോഷാക്ക് ഒ ടി ടി റിലീസിന് പിന്നാലെ റോഷാക്കിനെ പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിലൊന്ന് ദിലീപിന്റെ പ്രേതത്തെ അല്ലെങ്കിൽ ലൂക്കിന്റെ ഹാലൂസിനേഷനെ ആദ്യമായി കാണുന്നത് ബാലൻ ചേട്ടന്റെ മരണചടങ്ങുകൾക്കിടയിൽ അവരുടെ വീട്ടിൽ വച്ചാണ് എന്നായിരിക്കും ഒരു വിഭാഗം പ്രേക്ഷകരെങ്കിലും കരുതിയിരുന്നത്.. എന്നാൽ അതിനുമുമ്പ് തന്നെ ലൂക്ക് ദിലീപിനെ കാണുന്നുണ്ട്.. ലൂക്കിന്റെ ഭാര്യയെ തിരക്കി നാട്ടുകാരും പോലീസുകാരും കാട്ടിൽ മുഴുവൻ അലയുമ്പോഴാണ് സിനിമയിൽ ആദ്യമായി ദിലീപ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇത് അവ്യക്തമായി വളരെ കുറച്ച് സമയം മാത്രമേ ചിത്രത്തിൽ കാണിക്കുന്നുള്ളൂ.. ആദ്യ കാഴ്ചയിൽ പ്രേക്ഷകർ ഇത് ശ്രദ്ധിക്കാൻ സാധ്യതയില്ല.. ഇത്തരത്തിൽ ഒത്തിരി എലമെന്റ്സ് സിനിമ രണ്ടു തവണ കണ്ടു കഴിയുമ്പോഴാണ് പ്രേക്ഷകർക്ക് മനസ്സിലാവുക എന്ന് സാരം

Leave a Comment

Your email address will not be published. Required fields are marked *