പ്രതിസന്ധികളെ തരണം ചെയ്ത കാക്കിക്കുള്ളിലെ കലാകാരൻ…….

പ്രതിസന്ധികളെ തരണം ചെയ്ത കാക്കിക്കുള്ളിലെ കലാകാരൻ…….

 

വിജയിക്കാനാണ് നിങ്ങൾ പഠിച്ചത്. പക്ഷേ, വിജയം നിങ്ങൾക്കു മുന്നിൽ ഒരു തളികയിൽ എത്തുകയില്ല അതിനായ് സ്വയം വികസിക്കണം, പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറണം, ഇതാണ് എല്ലാ വിജയങ്ങൾക്കുള്ള താക്കോൽ.

ജിവിതത്തിൽ പരാജയങ്ങളും പ്രതിസന്ധികളും

നേരിടേണ്ടിവന്നിട്ടില്ലാത്തവർ കുറവായിരിക്കും. പലരും പലവിധത്തിലാവും അവയോടു പ്രതികരിക്കുന്നത്. ചിലർ ചെറിയ പരാജയങ്ങളിൽ പോലും മനംമടുത്ത് പിന്തിരിയുന്നു. ചിലർ അതിൽ തകർന്നുപോകുന്നു. മറ്റുചിലർ

ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു.

ആ പരാജയങ്ങളും പ്രതിസന്ധികളും തിരിച്ചടികളും പതറാതെ നേരിട്ട് വീഴ്ചകളെ വിജയത്തിന്റെ വെന്നിക്കൊടിയാക്കിയ ഒരു പോലിസുകാരൻ്റെ പച്ചയായ ജീവിത യഥാർത്ഥങ്ങളെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.

പട്ടിണിയെ അതിജീവിക്കാൻ പഠനത്തിനൊപ്പം ഓട്ടോ തൊഴിലാളി, ചെത്തുതൊഴിലാളി, വാർക്കപ്പണിക്കാരൻ, കേറ്ററിങ് ജീവനക്കാരൻ.. ഇതിനിടെയിൽ പഠിക്കാനും മറന്നില്ല. അങ്ങനെ സലീഷ് എൻ ശങ്കരൻ പൊലീസുകാരനായി.

 

തൃശൂർ ജില്ലയിലെ പെരിങ്ങോട്ടുകര സ്വദേശിയാണ് സലീഷ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. ചെത്തുതൊഴിലാളിയായ അച്ഛൻ ശങ്കരൻ തെങ്ങിൽ നിന്നു വീണു മരിക്കുയായിരുന്നു. പിന്നെ ദാരിദ്ര്യം.. അമ്മ നളിനിയെയും 3 മക്കളെയും കഷ്ടപ്പെട്ട് മുമ്പോട്ട് പോയി.. രണ്ടാമനാണ് സലീഷ്. ജ്യേഷ്ഠൻ രോഗിയായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തിന് വേണ്ടി സലീഷിന് കുട്ടിക്കാലം ജീവതാനുഭവങ്ങളുടേതായി. എല്ലാ ജോലിയും ചെയ്തു. ഇതിനിടെ മുടങ്ങാതെ പഠനവും. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും ബിഎഡും നേടി. സെറ്റ് പരീക്ഷ പാസ്സായി. അദ്ധ്യാപക ജോലിക്കുള്ള തയ്യാറെടുപ്പുകൾക്കിടെ അവിചാരിതമായാണ് സലീഷിനു പോലീസ് കോൺസ്റ്റബിളായി ജോലി കിട്ടിയത്. 1998ൽസുഹൃത്ത് സുദർശനാണ് സലീഷിനു വേണ്ടി അപേക്ഷ അയച്ചത്. 2003ൽ എസ് ഐ ആയി. തിരുവനന്തപുരം, കണ്ണൂർ, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ ജോലി ചെയ്തു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നൂറിലേറെ ഗുഡ് സർവീസ് എൻട്രിയും ലഭിച്ചു. ഇരുനൂറോളം കവർച്ചകൾക്കും കൊലപാതക കേസുകൾക്കും തുമ്പുണ്ടാക്കി. ആലുവ സിഐ ആയിരിക്കുമ്പോഴാണ് എടയാറിലെ ശുദ്ധീകരണശാലയിലേക്കു കൊണ്ടുവന്ന 6 കോടി രൂപ മൂല്യമുള്ള 20 കിലോഗ്രാം സ്വർണം കവർച്ച ചെയ്യപ്പെട്ടത്. കാര്യമായ തെളിവുകൾ ഇല്ലാതിരുന്ന കേസിൽ 5 പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്തതു സലീഷാണ്.

 

ജിവിതത്തിൽ പല വേഷങ്ങൾ പകർന്നാടിയെങ്കിലും ജീവിതത്തിൽ എപ്പോഴും പ്രിയപ്പെട്ടത് ഒന്നു ഉണ്ടായിരുന്നു കവിതകളോടുള്ള പ്രണയം എഴുതാൻ ഒരുപാട് ഇഷ്ടമായിരുന്നു’

കഥയും കവിതയും ഗാനങ്ങളും എഴുതുകയും ഹ്രസ്വചിത്രങ്ങൾ തയാറാക്കുകയും ചെയ്ത കാക്കിക്കുള്ളിലെ കലാഹൃദയത്തിന് ഉടമയാണ് സലീഷ്. പൊലീസിൽ ചേരുന്നതിനു മുൻപ് ഉപജീവനത്തിനു പല തൊഴിലുകളും ചെയ്തിട്ടുള്ള സലീഷിന് അഭിനയവും അതിജീവനത്തിന്റെ മറ്റൊരു വഴിമാത്രം. ജോലിയുടെ സമ്മർദങ്ങൾക്കിടയിൽ തനിക്ക് വേണ്ടി കണ്ടെത്തുന്ന നിമിഷങ്ങളാണ് സിനിമയും അഭിനയവും.

ആ പ്രിയം തന്നെയാണ് പോലീസുകാരിൽ നിന്ന് നടനിലേക്കുള്ള രംഗപ്രേവശനത്തിനു കാരണമായതും സംവിധായകൻ സച്ചിയിലേക്ക് എത്തിപ്പെട്ടതും. അട്ടപ്പാടിയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു സച്ചിയെ പരിചയപ്പെട്ടത്. ഞാൻഎഴുതിയ പാട്ടുകൾ സച്ചിയെ കാണിച്ചു കൊടുത്തും നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ പങ്കിട്ടും പരിചയം സൗഹൃദമായി മാറി. അങ്ങനെയിരിക്കെയാണ് സിനിമയിൽ അവസരവുമായി സച്ചിയുടെ വിളി എത്തിയത്. ആദ്യമൊന്ന് സംശയിച്ചുവെങ്കിലും താമസമില്ലാതെ സമ്മതം മൂളി. അങ്ങനെ അയ്യപ്പനും കോശിയും സിനിമയിൽ ഡിവൈഎസ്പി ചെറിയാൻ ജോർജായി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സല്യൂട്ട് എന്ന ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിച്ചു തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥാനായി സലീഷ് അഭിനയിച്ചിട്ടുണ്ട്. അതോടപ്പം തന്നെ

കഴിഞ്ഞ ഓണക്കാലത്തു സലീഷ് രചിച്ച്, ആദിവാസി യുവാവായ കുഞ്ഞിക്കൃഷ്ണൻ പാടിയ തുമ്പയും തുമ്പിയും എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. സലീഷിന്റെ 2 പാട്ടുകൾ കെ.ജി. ജയൻ സംഗീതം പകർന്ന് പി. ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്.

അമ്മ നളിനിയും ഭാര്യ നിഷിയും പത്താം ക്ലാസുകാരൻ ജിതിനും ആറാം ക്ലാസുകാരി ഇക്സോറയും അടങ്ങുന്നതാണ് സലിഷിൻ്റെ കുടുംബം. സിനിമയും ജോലിയും ഒപ്പം മുന്നോട്ട് കൊണ്ടു പോകാനാണ് തീരുമാനം ഇപ്പോൾ

കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആയിട്ട് സേവനം അനുഷ്ഠിക്കുകയാണ്.

Leave a Comment

Your email address will not be published.