തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്…എന്നാലും വന്നേക്കണേ…!!!

തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്…എന്നാലും വന്നേക്കണേ…!!!

 

കുഞ്ചാക്കോ ബോബൻ നായകനായി തീയറ്ററുകളിൽ എത്തിയ ചിത്രമാണ് ന്നാ താൻ കേസുകൊട്… ഈ ചിത്രം റിലീസിന് മുൻപേ വളരെയധികം ചർച്ച നേടിയിരുന്നു.. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത തരത്തിലുള്ള ഡാൻസ് രംഗം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇപ്പോൾ ഇതാ ഈ ചിത്രത്തിന്റെ ന്യൂസ് പേപ്പറിൽ വന്ന പോസ്റ്റർ ആണ് വീണ്ടും വിവാദമായിരിക്കുന്നത്.. ടിവി ചാനലുകളിൽ ചർച്ച മൊത്തം ഇപ്പോൾ ഈ സിനിമയുടെ പോസ്റ്റർ തന്നെ..

പരസ്യത്തിൽ കുഴിയെ പറ്റിയുള്ള പരാമർശം സർക്കാരിനെ അപമാനിക്കാൻ ആണ് എന്ന ആരോപണമുയർത്തി സിനിമയ്ക്കെതിരെ സൈബർ ആക്രമണമാണ് അഴിച്ചുവിട്ടിരിക്കുന്നത്.. സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ ഇതാണോ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യം എന്ന മറുചോദ്യം ഉയർത്തി പ്രശസ്തർ ഉൾപ്പെടെ മറുചേരിയിലും ആൾക്കാർ നിറഞ്ഞതോടെ പരസ്യത്തിലെ കുഴി വൈറലായി..

പരസ്യത്തെ പരസ്യം മാത്രമായി കണ്ടാൽ മതിയെന്ന പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്നെ എത്തിയതോടെ ബഹിഷ്കരണ ആഹ്വാനത്തിന്റെ മുനയൊടിഞ്ഞു..

 

സിനിമ കാണുകയോ അതിന്റെ ഉള്ളടക്കം അറിയുകയോ ചെയ്യും മുമ്പ് അതിനെതിരെ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ആത്മാർത്ഥത എത്രത്തോളം എന്ന് മനസ്സിലാക്കണം..വിമർശനങ്ങളുടെ അന്തസത്ത മനസ്സിലാക്കുന്ന ഒരു സർക്കാർ ആണ് സംസ്ഥാനത്ത് ഉള്ളത് എന്നതിന് തെളിവാണ് പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.. സംസ്ഥാനത്തെ റോഡുകളിൽ കുഴി നിറയുന്നത് എത്രയോ വർഷമായി സംഭവിക്കുന്നതാണ്. ആ പ്രശ്നം തുറന്നുകാട്ടുകയും സാധാരണക്കാരന്റെ ഭാഗത്തുനിന്ന്‌ ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് സിനിമ.. അത് ഏതെങ്കിലും ഒരു പാർട്ടിക്കോ സർക്കാരിനോ എതിരല്ല..

തീയറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ…എന്നായിരുന്നു പരസ്യത്തിലെ പലരെയും ചൊടിപ്പിച്ച വാചകം. ഇടതുപക്ഷ സഹയാത്രികരിൽ ചിലരാണ് ഇത് ജനകീയ സർക്കാരിനെ അപമാനിക്കാനുള്ള ശ്രമം ആണെന്നും റോഡിലുള്ള ചെറിയ കുഴികളെ തുറന്നു കാട്ടാനുള്ള ശ്രമമാണെന്നും ഉള്ള ആരോപണവുമായി രംഗത്തെത്തിയത്… കുഴി പ്രശ്നത്തെ പരസ്യത്തിനായി ഉപയോഗിച്ചവർക്ക് അഭിനന്ദനങ്ങൾ… എന്ന് ജോയ് മാത്യു ഫേസ് ബുക്കിൽ കുറിച്ചിരുന്നു. വിവാദത്തിൽ സിനിമയ്ക്കൊപ്പം ആണെന്നും തിയേറ്ററിൽ തന്നെ കാണാനാണ് തീരുമാനമെന്നും എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു.. ഒരു സിനിമ പരസ്യത്തെ പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.. എന്നാൽ സിനിമയുടേത് പരസ്യം ആണ് എന്നും ആ നിലയ്ക്ക് എടുത്താൽ മതിയെന്നും ആണ് മുഹമ്മദ് റിയാസ് മന്ത്രി പറയുന്നത്.. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ പൊതുമരാമത്ത് വകുപ്പിന്റെ കേടായ റോഡ് റോളറിനെ കുറിച്ചുള്ള വിമർശനവും മന്ത്രി ചൂണ്ടിക്കാട്ടി..

ഏതായാലും സിനിമയുടെ പ്രൊമോഷന് ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.. ഈയടുത്തകാലത്തൊന്നും ഒരു സിനിമയ്ക്ക് ഇത്രയധികം പ്രൊമോഷൻ കിട്ടിക്കാണും എന്ന് കരുതുന്നില്ല.. കഴിഞ്ഞദിവസം ഒട്ടുമിക്ക ന്യൂസ് ചാനലുകളുടെയും അന്തി ചർച്ച ഈ വിഷയം ആയിരുന്നു എന്ന് ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു..

Leave a Comment

Your email address will not be published.