ഇന്ന് ശിശുദിനം; കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന ചാച്ചാജിയുടെ ജൻമദിനം

ഇന്ന് ശിശുദിനം; കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്ന ചാച്ചാജിയുടെ ജൻമദിനം

 

ശിശുദിനം എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു 1889 നവംബര്‍ 14 നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനം ആയി ആചരിച്ചുവരുന്നത്.

1964-ൽ നെഹ്രുവിന്റെ മരണശേഷമാണ് ദേശീയതലത്തിൽ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്.

വെള്ള തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ചാച്ചാജി കുട്ടികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. കുട്ടികളാണ് സമൂഹത്തിന്റെ കരുത്തെന്ന് വിശ്വസിച്ചിരുന്നയാളാണ് ജവഹർലാൽ നെഹ്രു.

ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീർപ്പൂ നെഞ്ചോടു ചേർത്തും രാജ്യത്ത് കുട്ടികൾ ശിശുദിനം ആചരിക്കുന്നു.കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ശിശുദിനം ഇന്ന് ലോകരാജ്യങ്ങളില്‍ ആചരിക്കപ്പെടുന്നത്.

കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നെഹ്‌റു കുട്ടികളുടെ ഭാവിക്കായി ഏറെ കരുതലോടെ പ്രവർത്തിച്ചു.

കുട്ടികളോട് സംവാദിക്കാനും അവരോടൊപ്പം കളിക്കാനും നെഹ്റു ഏറെ ഇഷ്ടപ്പെട്ടിരുന്നു. കുട്ടികളെ സ്‌നേഹിച്ചും ലാളിച്ചും കുട്ടികൾക്കായി പദ്ധതികൾ തയ്യാറാക്കിയും അവരെ ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻപിടിച്ചു.

അന്തർദേശീയ ശിശുദിനം നവംബർ 20-നാണ്. ഏകദേശം 117 രാജ്യങ്ങൾ പലദിനങ്ങളിൽ ശിശുദിനം ആഘോഷിച്ചുവരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രിയായിരുന്ന മലയാളിയായ വി കെ കൃഷ്ണമേനോനാണ് അന്തർദേശീയ ശിശുദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്.

അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ മോത്തിലാൽ നെഹ്രുവിന്‍റെയും ഭാര്യ സ്വരുപ്റാണി തുസ്സുവിന്‍റെയും മകനായാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ജവഹർലാൽ, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്‌ പോയി.

സ്വാതന്ത്ര്യ സമരസേനാനി,എഴുത്തുകാരൻ, വാഗ്മി,രാഷ്ട്രതന്ത്രജ്ഞൻ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിങ്ങനെ വിവിധ തലങ്ങളിൽ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്രുവിന്‍റെ നടപടികൾ ഏറെ പ്രശംസനീയമാണ്.

ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാർത്തെടുക്കുക. നമ്മൾ അവരെ എങ്ങനെ വളർത്തികൊണ്ടു വരുമോ അതിനെ അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി, എന്നാണ് നെഹ്റുവിന്റെ മഹത് വചനം

അതുകൊണ്ടു തന്നെ വിദ്യാഭ്യാസ രംഗത്ത് നവീനമായ ആശയങ്ങൾ നെഹ്‌റുവിന്‍റെ കാലഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ടു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥാപിച്ചത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. പ്രാഥമികവിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. ഗ്രാമങ്ങൾതോറും ആയിരക്കണക്കിന് വിദ്യാലയങ്ങൾ നിർമ്മിച്ചു. കുട്ടികൾക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പദ്ധതിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു. വയോജനവിദ്യാഭ്യാസത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും പ്രാമുഖ്യം നൽകി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്‌റു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്.നെഹ്‌റുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്‍റെ പേരു നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്‌റു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ദീർഘ വീക്ഷണത്തോടെയുള്ള ആദരവായി രാജ്യം നാമകരണം ചെയ്തതാണ്. ഇതെല്ലാം…

1964 ൽ നെഹ്‌റുവിന് ഹൃദയാഘാതമുണ്ടായി. മെയ് 27ന് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *