റാഗിംഗ്..ഇതിനെ അത്രയധികം നോർമൽ ആക്കാമോ !!!

ഹൃദയം എന്ന സിനിമയിൽ വളരെയധികം എടുത്തുകാണിച്ച ഒരു സംഗതിയുണ്ട്…റാഗിംഗ്..ഇതിനെ അത്രയധികം നോർമൽ ആക്കാമോ !!!

 

കോളജ് ക്യാംപസുകളിൽ കയറുമ്പോൾ എല്ലാ വിദ്യാർത്ഥികളും നേരിടേണ്ടി വരുന്ന ഒരു പേടിപ്പെടുത്തുന്ന സ്വപ്നമാണ് റാഗിംഗ്. ഒന്നാം വർഷം ആയി എത്തുന്ന വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗിംഗ് ചെയ്യുന്നത് നമ്മുടെ നാട്ടിൽ ഇപ്പോൾ നോർമൽ ചെയ്യപ്പെട്ട ഒന്നാണ്… കേരളത്തിനു പുറമേ അതായത് ബാംഗ്ലൂരോ മുംബൈയിലോ ചെന്നൈയിലോ ഒക്കെയാണെങ്കിൽ റാഗിംഗ് തീവ്രത കൂടും.. താടിയും മീശയും വടിക്കണം.. ചുരിദാറിന് ഷാൾ വളരെ കൃത്യമായി വടിവൊത്ത രീതിയിൽ ഇടണം.. ടീഷർട്ട് പോലെ മോഡേൺ ആയ വസ്ത്രങ്ങൾ ഇടാൻ പറ്റില്ല. ഇനി ഇത്തരം പുറത്തുനിന്നുള്ള കലാപരിപാടികൾക്ക് ശേഷം നമ്മൾ ഹോസ്റ്റലിലേക്ക് കയറുമ്പോഴോ… എല്ലാവർക്കും ശ്വാസം മുട്ടുന്ന രീതിയിലായിരിക്കും റാഗിംഗ്..

ജൂനിയർ ആയിട്ടുള്ള വ്യക്തികളുടെ വ്യക്തിത്വത്തിനോ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനോ പുല്ലു വില കൊടുത്ത് അവർക്കെതിരെ റാഗിംഗ് ചെയ്യുന്നത് എന്തോ വലിയ ഹീറോയിസം ആയാണ് സീനിയർ വിദ്യാർഥികൾ കാണുന്നത്. ഇതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ.. ജൂനിയർ കുട്ടികൾക്ക് രണ്ട് മൂന്ന് വർഷം മുമ്പ് വന്നു പഠിച്ചു എന്നതല്ലാതെ അവർക്ക് എന്തു പ്രത്യേകതയാണ് ഉള്ളത്.. അവർ കോളേജിൽ ആരും അല്ലെന്നും താങ്കൾക്ക് അടിച്ചമർത്താനുള്ള അധികാരമുണ്ടെന്നും എന്തുകൊണ്ട് ചിന്തിക്കുന്നു. മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തനും വ്യക്തിത്വത്തിനും യാതൊരു വിലയും കല്പിക്കാത്ത ആൾക്കാരിൽ നിന്നാണ് ഇത്തരത്തിലുള്ള വൃത്തിഹീനമായ പ്രവർത്തികൾ ഉണ്ടാകുന്നത്.. ഇത്തരം റാഗിംഗ്കളെ ഹീറോയിസം ആയി കാണിച്ചിട്ടുള്ള സിനിമകൾ വന്നിട്ടുള്ളത് കൊണ്ടാണോ എന്തോ എല്ലാവരും ഇങ്ങനെ റാഗിങ് ചെയ്യുന്നത് വളരെ ഹീറോയിസം ആയി കാണുന്നു..

ഇതിനെല്ലാം പുറമെ താങ്കൾ ജൂനിയറായി വന്നപ്പോൾ താങ്കൾക്ക് കിട്ടിയതെല്ലാം തിരിച്ചു കൊടുക്കണം എന്ന മനോഭാവം ആയിരിക്കും പലർക്കും. ഇത് യഥാർത്ഥത്തിൽ ഒരു മനോവൈകൃതം ആണ്.. മറ്റുള്ളവരുടെ വ്യക്തിത്വത്തിനു മേലുള്ള കടന്നുകയറ്റത്തിനെ അങ്ങനെതന്നെ അല്ലെ വിളിക്കേണ്ടത്..ഞങ്ങളോ അനുഭവിച്ചു നിങ്ങളെങ്കിലും രക്ഷപ്പെടാൻ ആയിരിക്കണം സാമാന്യം വ്യക്തിത്വമുള്ള ഒരുവൻ ചിന്തിക്കേണ്ടത്..

 

ജൂനിയറായി വരുന്ന ആൺ കുട്ടികൾ ആണെങ്കിൽ എല്ലാവരും ചെയ്യിക്കുന്ന പതിവു റാഗിംഗ് താടിയും മീശയും വടിപ്പിക്കുക എന്നതാണ്… കാരണം താടിയും മീശയും എന്നത് പുരുഷത്വത്തിന്റെ അടയാളമായി തെറ്റിദ്ധരിക്കപ്പെട്ടു വന്ന ഒന്നാണ്.. പെൺകുട്ടികൾ അത്യാവശ്യം കാണാൻ കൊള്ളാവുന്നവരാണെങ്കിൽ അവരെ മാക്സിമം അടിച്ചമർത്താൻ ശ്രമിക്കുന്ന സീനിയർ പെൺകുട്ടികളുമുണ്ട്.. ഇവരെക്കൊണ്ട് ഒരുതരത്തിലും ആകർഷിക്കപ്പെടുന്ന തരത്തിലുള്ള ഒരു കാര്യം ചെയ്യാൻ സമ്മതിക്കില്ല.. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഇത്തരം കോംപ്ലക്സുകൾ ആണ് ചിലരുടെ ഇത്തരം പ്രവൃത്തികളിൽ പ്രകടമാകുന്നത്..

ആരെങ്കിലും ഇതിനെയെല്ലാം ചോദ്യം ചെയ്താൽ ഗ്യാങ് ആയി വന്ന് ഒരു ആക്രമണം നടത്താൻ മടിക്കുന്നവരല്ല ഇക്കൂട്ടർ.. ഇതൊക്കെ സർവ്വസാധാരണമായ കാര്യമല്ലേ അതിനെയൊക്കെ നിയമവിരുദ്ധമായ പ്രവർത്തിയായി കാണാൻ ആരും തയ്യാറാവുന്നില്ല എന്നാണ് കാര്യം..

Leave a Comment

Your email address will not be published. Required fields are marked *