മഞ്ജു വാരിയരുടെ ആയിഷയെ പ്രശംസിച്ചു എഴുത്തുകാരൻ ബെന്യാമിൻ..
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്‌റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടുജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്..
മഞ്ജു വാര്യൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രം ആയിരുന്നു ആയിഷ.നിലമ്പൂർ ആയിഷയുടെ കഥ പറഞ്ഞ ചിത്രം മികച്ച പ്രതികരണം ആയിരുന്നു നേടിയത്. ഇപ്പോഴിതാ ചിത്രത്തിനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. വലിയ പ്രതീക്ഷയില്ലാതെയാണ് ചിത്രം കാണാൻ പോയതെന്നും എന്നാൽ അടിമുടി അമ്പരപ്പിച്ചുവെന്നും ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു.ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു എന്നും ബെന്യാമിൻ കുറിച്ചു.
ബെന്യാമിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…
വയനാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ഇന്നലെ കോഴിക്കോട് വന്നു തങ്ങിയത്…
രാത്രി മറ്റു തിരക്കുകൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഒരു പടത്തിനു പോകാം ന്ന് കരുതി. ആയിഷയെ പറ്റി കുറച്ച് നല്ല റിവ്യൂ കണ്ടിരുന്നു. എന്നിട്ടും വലിയ പ്രതീക്ഷ ഇല്ലാതെയാണ് പോയത്.കാരണം മഞ്ജു വാര്യരുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ, പിന്നെ ഈ പടത്തിലെ തന്നെ ഒരു ഗാനരംഗം…എന്നാൽ പ്രതീക്ഷയ്ക്ക് വിരുദ്ധമായി എന്നെ അടിമുടി അമ്പരപ്പിച്ചു കളഞ്ഞു ആയിഷ. ഒരു ബയോപിക് എങ്ങനെ ബോറടിപ്പിക്കാതെ ഉജ്ജലമായി എടുക്കാം എന്നതിന്റെ നല്ല ഉദാഹരണമായി ഈ ചിത്രം മാറുന്നു.
നിലമ്പൂർ ആയിഷ എന്ന അഭിനേത്രിയെയും വിപ്ലവകാരിയെയും അറിഞ്ഞാലും ഇല്ലെങ്കിലും ഈ ചിത്രം നമുക്ക് ആസ്വദിക്കാൻ കഴിയും.അറബ് / കേരളീയ ജീവിത പശ്ചാത്തലവും മനുഷ്യ ബന്ധങ്ങളുടെ ഊഷ്മളതയും എത്ര മനോഹരമായി ഈ ചിത്രം കാണിച്ചു തരുന്നു. ആയിഷ പോലെ ഗദ്ദാമയായി എത്തി അറബ് കുടുംബങ്ങളുടെ പ്രിയപ്പെട്ടവരായി മാറിയ ചിലരെ അടുത്തറിയാവുന്നത് കൊണ്ട് കഥയിൽ ഒട്ടും അതിഭാവുകത്വം തോന്നിയതുമില്ല…മാമയായി അഭിനയിച്ച മോണ എന്ന നടിയുടെ പെർഫോമൻസ് അപാരം എന്നേ പറയാനുള്ളൂ. അവസരം കിട്ടിയപ്പോൾ മഞ്ജുവും തകർത്ത് അഭിനയിച്ചു…നേരത്തെ പറഞ്ഞ ഗാനം പടത്തിൽ വന്നപ്പോൾ അത്ര ആരോചകമായി തോന്നിയതുമില്ല…കാണേണ്ട പടങ്ങളുടെ കൂട്ടത്തിൽ ആയിഷ കൂടെ നിർദ്ദേശിക്കുന്നു..
Nb: ഒന്നാം ലോക കേരളസഭയിൽ നിലമ്പൂർ ആയിഷയുടെ അടുത്താണ് എനിക്ക് സീറ്റ് ലഭിച്ചത്…
ആ വിപ്ലവ നായികയുടെ അടുത്ത് ഇരിക്കാനും സംസാരിക്കാനും കഴിഞ്ഞത് ഒരു മഹാഭാഗ്യമായി കാണുന്നു…ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് ഇത്തരത്തിൽ ഒരു ആദരം ഒരുക്കിയ ആയിഷയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ